തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. മോളി മേഴ്സിന്‍. എസ്എഫ്‌ഐയ്‌ക്ക് വേണ്ട ഒത്താശ ചെയ്യുന്നത് അധ്യാപക സംഘടനകളാണ്. കോളേജ് കൗണ്‍സിലില്‍ വിദ്യാര്‍ഥികള്‍ക്കും കോളേജിനും ഉപകരിക്കുന്ന ഒരു തീരുമാനവും അധ്യാപക സംഘടനകള്‍ അംഗീകരിക്കില്ല. ഇവരാണ് ഈ കലാലയത്തിന്റെ അധഃപതനത്തിന്റെ പ്രധാന കണ്ണികളെന്നും അവർ പറഞ്ഞു.
കോളേജ് കവാടം പൂട്ടിയിടാന്‍ പോലും അധ്യാപക സംഘടന സമ്മതിക്കില്ല. ചില അധ്യാപകര്‍ കാരണം വിദ്യാര്‍ഥികളുടെ ജീവിതമാണ് നഷ്ടമാകുന്നതെന്നും അവര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിനെ ഗുണ്ടാതാവളമാക്കുന്ന രാഷ്‌ട്രീയ ഫാസിസത്തിനെതിരെ ഉണര്‍വ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘അറിവാണ് ആയുധം’പൂര്‍വ വിദ്യാര്‍ഥി സാംസ്‌കാരിക കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു ഡോ. മോളി മേഴ്സിൻ.
യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിന്റെ വിജയം ഒരുവശത്ത് നടക്കുമ്പോള്‍ നിരവധി പ്രമുഖര്‍ പഠിച്ച യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് നാളത്തെ എന്‍ജിനീയര്‍മാരായും ശാസ്ത്രജ്ഞന്മാരുമായി വരേണ്ട ചെറുപ്പക്കാര്‍ വഴിതെറ്റി തമ്മിലടിച്ച് പരസ്പരം നശിക്കാന്‍ ശ്രമിക്കുകയാണെന്ന് പി. ഗോപിനാഥന്‍നായര്‍ പറഞ്ഞു. പല വ്യക്തികളേയും മഹത്വത്തിലേക്ക് നയിച്ചതാണ് ഈ കലാലയം. അക്രമത്തിന്റെ തെറ്റായ മാര്‍ഗത്തില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അക്കാദമിക നിലവാരം തകര്‍ന്നിരിക്കുകയാണെന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഫിലിപ്പ് എം. പ്രസാദ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ബിജെപി സംസ്ഥാന വക്താവുമായ എം.എസ്. കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ആര്‍. സന്ദീപ് സ്വാഗതം പറഞ്ഞു.
















