തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം പരിഹാരം തേടി ഗൃഹസന്ദര്‍ശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേതാക്കള്‍ക്കും സ്ത്രീകളില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്നത് അതിരൂക്ഷമായ വിമര്‍ശനം. മിക്ക വീടുകളിലേയും സ്ത്രീകള്‍ ശബരിമല വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടിനെ നിശിതമായി വിമര്‍ശിച്ചു. സുപ്രീം കോടതി വിധിയാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കോടിയേരി വിശദീകരിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ സ്ത്രീകള്‍ തയാറായില്ല. സാവകാശഹര്‍ജി അടക്കം പലതും സര്‍ക്കാരിനു ചെയ്യാമായിരുന്നെന്നും 50 വയസ് കഴിഞ്ഞ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാമല്ലോ എന്നും ഇതില്‍ എവിടെയാണു അസമത്വത്തിന്റെ വിഷയമെന്നും സ്ത്രീകള്‍.
ശബരിമല സുപ്രീംകോടതി വിധിക്ക് ശേഷമുള്ള സംഭവങ്ങള്‍ കാരണം പാര്‍ട്ടി അനുഭാവികളുടെ മാനസികാവസ്ഥ മാറിയിട്ടുണ്ട്. വോട്ടു ചോദിക്കുമ്പോള്‍ ചിലരൊക്കെ കയര്‍ക്കുന്നുണ്ട്’- അടുത്ത വീട്ടിലെ അംബിക, ലളിത സഹോദരിമാരുടെ പരാതിയും ശബരിമലയാണ്. ശബരിമലയില്‍ സ്ത്രീകള്‍ ഇത്രയും കാലം പോയില്ലല്ലോ. ഇനിയും പോകണ്ട. 50 കഴിഞ്ഞ് പോകാമല്ലോ…വഴിയില്‍ വച്ചാണ് വീട്ടമ്മയായ അജിത ശബരിമല വിഷയം ശ്രദ്ധയില്‍ പെടുത്തിയത്. ദൈവത്തെ തൊട്ടുകളിക്കരുതെന്നും അജിതയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് കോടിയേരി ഗൗരീശപട്ടം മഹാദേവ ക്ഷേത്രത്തിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയത്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ലാ കമ്മിറ്റി അംഗം പദ്മകുമാര്‍, ഏരിയാ സെക്രട്ടറി സി. ലെനിന്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിനീത്, പി.കെ.എസ് ജില്ലാ സെക്രട്ടറി റസല്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
നേരത്തേ, ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന കുറ്റസമ്മതവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് പല തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദര്‍ശനത്തില്‍ നിന്നും ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിഞ്ഞുള്ള നടപടികള്‍ ഇടതുപക്ഷത്തില്‍ നിന്നുമുണ്ടായില്ലെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ എല്ലാ കക്ഷികളും അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കക്ഷികളും നിലപാട് മാറ്റി. ശബരിമല വിഷയത്തില്‍ പൊതുവിലുണ്ടായ ഈ മാറ്റത്തിന് അനുസരിച്ച് സര്‍ക്കാര്‍ നിലപാട് എടുത്തില്ല എന്ന വിമര്‍ശനം പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായി. ജനങ്ങളെ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിച്ചു. ഇതെല്ലാം തിരുത്താനുള്ള നടപടികള്‍ പാര്‍ട്ടി ഇനി സ്വീകരിക്കുമെന്നും കോടിയേരി.
















