മലപ്പുറം : വിദ്യാര്‍ത്ഥിയെയും സഹോദരനെയും സ്വകാര്യബസ് സ്റ്റോപ്പില്‍ ഇറക്കാത്തതിനെ തുടര്‍ന്ന് ബസ് കണ്ടക്ടറെ ശിശുഭവനില്‍ ജോലിചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വിദ്യാര്‍ത്ഥി സ്റ്റോപ്പില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും കണ്ടക്ടര്‍ അതിന് തയ്യാറായില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റേതാണ് ഈ നടപടി.
സ്വകാര്യ ബസ് കണ്ടക്ടര്‍ ശിശുഭവനില്‍ 10 ദിവസത്തേയ്‌ക്ക് കുട്ടികളെ പരിപാലിക്കാനാണ് കളക്ടര്‍ ഉത്തരവിട്ടത്. വിദ്യാര്‍ത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാര്‍ സഹാനുഭൂതിയില്ലാതെ പെരുമാറിയതിനെ തുടര്‍ന്നാണ് ഈ നടപടി.
ചൊവാഴ്ച വൈകിട്ട് മഞ്ചേരി പരപ്പനങ്ങാടി റൂട്ടിലാണ് സംഭവം നടന്നത്. വിഷയത്തില്‍ പരാതി ലഭിച്ച ഉടനെ തന്നെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ആര്‍ടിഒ നടത്തിയ അന്വേഷണത്തില്‍ കൊറമ്പയില്‍ എന്ന ബസ്സിലെ കണ്ടക്ടര്‍ കുറ്റക്കാരനാണെന്നും കണ്ടെത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്തു.
ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ തീരുമാനിക്കുകയായിരുന്നു. 10 ദിവസം രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാല് മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ബസ് കണ്ടക്ടര്‍ ജോലി ചെയ്യണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്.
ഇതിനായി ഇന്ന് മുതല്‍ രാവിലെ ഒമ്പത് മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ ബസ് കണ്ടക്ടര്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കും.
















