ഇതു വല്ലാത്ത പൊലീസ് തന്നെ. തല്ലിത്തല്ലി എംഎല്‍എയെവരെ തല്ലി കയ്യൊടിച്ചു. ഇക്കണക്കിന് ഇനി ആര്‍ക്കൊക്കെ തല്ലുകിട്ടുമെന്നു കണ്ടുതന്നെയറിയണം. അടുത്തതു മന്ത്രിമാരായിരിക്കുമോ? സാധാരണക്കാരെ തല്ലാന്‍ പണ്ടേ പോലീസിനു ലൈസന്‍സ് ഉണ്ടെന്ന മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ആ സാധാരണക്കാര്‍ അവരുടെ പ്രതിനിധികളായി തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ സമൂഹത്തിലെ വരേണ്യവര്‍ഗമാണെന്ന രീതിയിലായിരുന്നല്ലോ രാഷ്ട്രീയ സംവിധാനത്തിന്റെ പെരുമാറ്റം. അവരെ തൊടാന്‍ പൊലീസ് പേടിക്കുമെന്നായിരുന്നു ധാരണ. പക്ഷേ, സിപിഎം ഭരണത്തില്‍ അവര്‍ക്കും രക്ഷയില്ല.
പോലീസ് അതിക്രമം, പോലീസ് അഴിഞ്ഞാട്ടം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് കുറച്ച് അതിരുവിട്ട അവസ്ഥയാണ്. ഇതു ജനങ്ങളുടെ പൊലീസല്ല, സര്‍ക്കാരിന്റെ പൊലീസുമല്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെമാത്രം പോലീസാണ്. ആ കക്ഷിയൊഴിച്ച് ആരേയും തല്ലും. വേണ്ടിവന്നാല്‍ കൊല്ലും. മുന്നണിയിലെ പങ്കാളികളായാലും അതിനുമാറ്റമില്ല. മനുഷ്യാവകാശം എന്നതു തങ്ങള്‍ക്കു മാത്രമുള്ളതാണെന്ന ധാര്‍ഷ്ട്യമാണവരുടെ മുഖമുദ്ര.
ആ സന്ദേശമാണ് കൊച്ചിയില്‍ ഡിഐജി ഓഫീസ് മാര്‍ച്ച് നടത്തിയ സിപിഐക്കാരെ തല്ലിച്ചതച്ചുകൊണ്ട് കേരളപൊലീസ് നല്‍കിയത്. കൊച്ചിയില്‍ അതു നടക്കുമ്പോള്‍ത്തന്നെ തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരെ തല്ലിവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎസ്യു പ്രവര്‍ത്തകര്‍ക്കും കിട്ടി വേണ്ടത്ര തല്ല്. സര്‍ക്കാരിനെതിരെ പ്രതികരിച്ചാല്‍, അവരാരായാലും, പോലീസിനെക്കൊണ്ടു കൈകാര്യം ചെയ്യിക്കുമെന്ന വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാര്‍. പോലീസ് വകുപ്പുതന്നെ പിണറായിയുടെ താല്പര്യ സംരക്ഷണത്തിനാണെന്ന മട്ടിലാണ് പാര്‍ട്ടിയും സര്‍ക്കാരും.
സിപിഐക്കാരനായ മൂവാറ്റുപഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിനാണ് പോലീസ് നായാട്ടില്‍ കയ്യൊടിഞ്ഞത്. രക്ഷിക്കാനെത്തിയ സിപിഐ ജില്ലാസെക്രട്ടറി പി. രാജുവിനു തലയില്‍ പരുക്കേറ്റു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍. സുഗതന്റെയും കയ്യൊടിഞ്ഞു. സാരമായി പരുക്കേറ്റവര്‍ വേറെ. വൈപ്പിന്‍ എളങ്കുന്നപ്പുഴ ഗവണ്മെന്റ് കോളജില്‍ നടന്ന എസ്എഫ്ഐ-എഐഎസ്എഫ് സംഘട്ടനത്തില്‍ പൊലീസ് പക്ഷപാതപരമായ നിലപാടു സ്വീകരിച്ചു എന്നാരോപിച്ചായിരുന്നു സിപിഐയുടെ ഡിഐജി ഓഫീസ് മാര്‍ച്ച്. പരീക്ഷാക്രമക്കേടു നടത്തിയ പിഎസ്സി പിരിച്ചുവിടുക, ക്രമക്കേട് സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്ത് യുവമോര്‍ച്ചയുടെ മാര്‍ച്ച്. രണ്ടിടത്തും വിറളിപിടിച്ച മാതിരിയായിരുന്നു പോലീസിന്റെ തേര്‍വാഴ്ച.
ഇതു സിപിഎമ്മിന്റെമാത്രം പോലീസായി മാറുകയാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് എന്തുമാകാം. എതിരഭിപ്രായം പറയുന്നതു സഹിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ്, ഫാസിസ്റ്റ് വിരുദ്ധരെന്നു സ്വയം വിശേഷിപ്പിക്കുന്ന സിപിഎം. ഈ ചിന്താഗതി പാര്‍ട്ടി നേതാക്കളിലേയ്ക്കു ചുരുങ്ങുകയും ചെയ്യുന്നു. നേതാവു പറയുന്നത് മറുചോദ്യമില്ലാതെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് ഓരോ പ്രവര്ത്തകനുമെന്നതാണ് പാര്‍ട്ടിയിലും പോഷകസംഘടനകളിലും നിലനില്‍ക്കുന്ന അലിഖിതനിയമം. അതുലംഘിച്ചാല്‍ എന്തും ചെയ്യാന്‍ നേതാക്കള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമാണ് പിണറായി ഭരണത്തില്‍. അടിച്ചൊതുക്കും. വേണ്ടിവന്നാല്‍ കുത്തിവീഴ്ത്തും. മഹാരാജാസ് കോളജിലും യുണിവേഴ്സിറ്റി കോളജിലും തൃശൂര്‍ കേരളവര്മകോളജിലും ഒക്കെ കണ്ടത് അതാണ്. അവര്‍ക്കൊക്കെ തണലിനു കുടപിടിക്കാന്‍ പാര്‍ട്ടിയുടെ പോലീസ് തയ്യാറായി ഉണ്ടാകും.
അതങ്ങനെ നടക്കുമ്പോഴും, സ്വന്തം എംഎല്‍എയെ തല്ലി കൈയൊടിച്ചിട്ടും പ്രതികരിക്കാന്‍ തന്റേടമില്ലാത്തൊരു പാര്‍ട്ടി സെക്രട്ടറി സിപിഐയ്ക്ക് ഉണ്ടെന്നതാണ് ഏറെ വിചിത്രം. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായിട്ടും സ്വന്തം അണികള്‍ക്കും ജനപ്രതിനിധിക്കും വേണ്ടിപ്പോലും വായ്തുറക്കാന്‍ ധൈര്യമില്ലാത്തവര്‍ ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ സംസാരിക്കും? അത്തരക്കാര്‍ നയിക്കുന്ന പാര്‍ട്ടികൂടി ചേര്‍ന്നാണു നാടുഭരിക്കുന്നതെന്ന സത്യം കേരളത്തിന് ഒട്ടും ആശാസ്യമല്ല. തെറ്റിനെ തെറ്റെന്നുവിളിക്കാന് ചങ്കൂറ്റമുള്ളവരെ വേണം ഭരണമേല്പിക്കാനെന്നു ജനം മനസ്സിലാക്കുന്ന കാലം വരാനിരിക്കുന്നതേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: