തിരുവനന്തപുരം: കലാകാരാരും കലാസ്വാദകരും നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി പ്രഥമ നിശാഗന്ധി സംഗീത പുരസ്‌കാരങ്ങള്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പദ്മശ്രീ പാറശാല ബി.പൊന്നമ്മാളിനും ശാസ്ത്രീയ സംഗീതത്തിലെ ബഹുമുഖ പ്രതിഭ പദ്മഭൂഷണ്‍ ടിവി ഗോപാലകൃഷ്ണനും സമര്‍പ്പിച്ചു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഞ്ചദിന നിശാഗന്ധി മണ്‍സൂണ്‍ രാഗാസ് സംഗീതോത്സവത്തിന്റെ സമാപന ചടങ്ങില്‍ സഹകരണ- ടൂറിസം -ദേവസ്വം മന്ത്രികടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ബാല്യം മുതല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജന്‍മഭൂമിയില്‍ ലഭിച്ച ഈ നിശാഗന്ധി സംഗീത പുരസ്‌കാരമാണ് ശ്രേഷ്ഠമെന്ന് മറുപടി പ്രസംഗത്തില്‍ പുരസ്‌കാര ജേതാവായ പാറശാല ബി പൊന്നമ്മാള്‍ പറഞ്ഞു. ജന്‍മനാട്ടില്‍ ലഭിച്ച ഈ പുരസ്‌കാരം മഹാന്‍മാരായ ഗുരുനാഥന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതായും പ്രോത്സാഹനം നല്‍കിയാല്‍ മാത്രമേ സംഗീതം വളരുകയുള്ളൂയെന്നും ടിവി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഈ അവാര്‍ഡ് ജേതാക്കള്‍ നമ്മുടെ വരദാനമാണെന്നും ഇന്ത്യയില്‍ മൃദംഗം വായിച്ചുകൊണ്ട് കര്‍ണാടക സംഗീതം ആലപിക്കാന്‍ കഴിയുന്ന ജീവിച്ചിരിക്കുന്ന അതുല്യ പ്രതിഭയാണ് ടിവി ഗോപാലകൃഷ്ണനെന്നും അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാനും ഗാനരചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ആയുഷ്‌കാലം മുഴുവനും തപസ്സുപോലെ സംഗീതത്തിനായി ഉഴുഞ്ഞുവച്ച പ്രതിഭകളെ പുരസ്‌കാരം നല്‍കി ആദരിക്കാനായത് ഈ തലമുറയുടെ സുകൃതമാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അംഗവും മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ കെ. ജയകുമാര്‍ പറഞ്ഞു.
ഹിന്ദുസ്ഥാനി, കര്‍ണാട്ടിക്, ഗസല്‍ സംഗീതശാഖകളും പാശ്ചാത്യ പൗരസ്ത്യ സംഗീതോപകരണങ്ങളുടെ താളവും രാഗവും സമന്വയിപ്പിച്ച് അനന്തപുരിക്ക് സംഗീത രാവുകള്‍ സമ്മാനിച്ച് പ്രശസ്ത സംഗീതജ്ഞര്‍ അണിനിരന്ന സംഗീതോത്സവത്തിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ ഫ്യൂഷന്‍ സംഗീതവും ഉസ്താദ് റഫീഖ് ഖാന്‍ (സിത്താര്‍) നയിച്ച ക്ലാസിക്കല്‍ ഫ്യൂഷന്‍ ബാന്‍ഡിന്റെ ‘ശിവ ദ മ്യൂസിക്കല്‍ തണ്ടറും’ അരങ്ങേറി.
















