മാവേലിക്കര: കേന്ദ്ര വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് പ്രചാരണം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര കാര്‍ഷിക പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയില്‍ ഉള്‍പ്പെട്ട കേന്ദ്ര വിള ഇന്‍ഷ്വറന്‍സ് പദ്ധതികളെയാണ് സംസ്ഥാനം അവഗണിക്കുന്നത്.
സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പ്രോത്സാഹനത്തിന് ജൂലൈ ആദ്യവാരം പ്രത്യേക ദിനാചരണമടക്കം വിപുലമായ പരിപാടികള്‍ നടത്തിയ സര്‍ക്കാരാണ് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനമുള്ള കേന്ദ്രപദ്ധതികളെ ബോധപൂര്‍വം പ്രചരണങ്ങളില്‍ നിന്ന് ഒഴിവാക്കിയത്. കേന്ദ്രവിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് പ്രമുഖ പത്രങ്ങളില്‍ ഇന്‍ഷ്വറന്‍സ് കമ്പനി പരസ്യം നല്‍കിയതല്ലാതെ സംസ്ഥാന കൃഷി വകുപ്പ് കാര്യമായ പ്രചാരണം നല്‍കിയില്ല.
വിള ഇന്‍ഷ്വര്‍ ചെയ്യാനായി പുതിയ രണ്ട് സര്‍ക്കാര്‍ പദ്ധതികളാണുള്ളത്. ഇതില്‍ മഴ ആശ്രയിച്ചുളള ഖാരിഫ് വിളകള്‍ ഇന്‍ഷ്വര്‍ ചെയ്യാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും. മഴക്കാല വിളകള്‍ ഇന്‍ഷ്വര്‍ ചെയ്യാനുള്ള സമയം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പല കര്‍ഷകര്‍ക്കും പദ്ധതിയെക്കുറിച്ച് അറിവില്ല.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയെക്കുറിച്ച് അറിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സംസ്ഥാന വിള ഇന്‍ഷ്വറന്‍സില്‍ 2,53,068 കര്‍ഷകര്‍ അംഗങ്ങളായപ്പോള്‍ കേന്ദ്ര വിള ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ചേര്‍ന്നത് ഇരുപത്താറായിരത്തോളം പേര്‍ മാത്രം. വിളനാശമുണ്ടായാല്‍ കാര്‍ഷിക വായ്‌പകള്‍ക്ക് സംരക്ഷണം കിട്ടുമെന്നതും നഷ്ടപരിഹാരത്തുക കൂടുതലാണെന്നതും കേന്ദ്ര പദ്ധതിയുടെ നേട്ടമാണ്.
വിളകളുടെ നടീല്‍ തടസ്സപ്പെട്ടാല്‍ പോലും നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള കേന്ദ്ര പദ്ധതി കാര്യമായ പ്രചാരണം ലഭിക്കാതെ നഷ്ടമാകുന്നു. വ്യവസ്ഥകള്‍ കഠിനമായതാണ് കേന്ദ്ര പദ്ധതിയുടെ പരിമിതിയെന്ന് സംസ്ഥാന കൃഷി വകുപ്പ് പറയുന്നു.
















