തിരുവനന്തപുരം: യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. തിരുവനന്തപുരത്ത് അമ്പൂരിയിലാണ് സംഭവം. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കൊന്ന് കുഴിച്ച്മൂടിയ നിലയില്‍ കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് രാഖിയുടെ സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം ലഭിച്ചു.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിനൊടുവില്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. രാഖിയുടെ സുഹൃത്തായ അഖില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. പട്ടാളക്കാരന്‍ കൂടിയായ ഇയാള്‍ സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.പ്രതികള്‍ മൂന്നുപേര്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി. പറഞ്ഞു.
















