തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ വിചിത്രവും അര്‍ഥശൂന്യവുമായ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ എ.വിജയരാഘവന്‍. ഉത്തരം എഴുത്തിയിട്ടില്ലാത്ത ഉത്തരക്കടലാസ് ആണ് വീട്ടില്‍ നിന്നു കണ്ടെടുത്തത്. അതിനെ മാധ്യമങ്ങളാണ് ഉത്തരക്കടലാസ് ആക്കി മാറ്റിയത്. എന്നാല്‍ മുറിക്കടലാസാണെന്നും അതിന് വെള്ളക്കടലാസിന്റെ വിലയേയുള്ളൂവെന്നും എല്‍ഡിഎഫ് കണ്‍വീനറുടെ ന്യായം. ഉത്തരം എഴുതിയ കടലാസുകള്‍ കാണാതെ പോയാല്‍ ആണ് പ്രശ്‌നമെന്നും വിജയരാഘവന്‍ വാദിച്ചു. പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തേ, കോളേജിലെ പ്രശ്‌നങ്ങളെ നിസാരവത്കരിക്കാന്‍ ശ്രമിച്ച വിജയരാഘവന്‍ പ്രതിഷേധക്കാരെ പരിഹസിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫും ബി.ജെ.പിയും ചില മാദ്ധ്യമ മുതലാളിമാരും ചേര്‍ന്ന് സര്‍ക്കാരിനെ തര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോളേജില്‍ അടിപിടി ഉണ്ടാക്കിയവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടിച്ചാല്‍ പിന്നെ സമരം ചെയ്യുന്നത് എന്തിനാണ്. വലതുപക്ഷത്തോടൊപ്പം ചേര്‍ന്ന് എസ്.എഫ്.ഐയുടെ അന്ത്യകൂദാശ നടത്താന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തുകയാണ്. ഇത് വിലപ്പോവില്ല. മാധ്യമങ്ങളുടെ താരാട്ട് പാട്ടു കേട്ടല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. നുണ പ്രചരിപ്പിക്കുന്നവരെ പരസ്യമായി വിചാരണ ചെയ്ത് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.
















