തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്‍റെയും ഹര്‍ജികളാണ് തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി തള്ളിയത്. കാമ്പസിലുണ്ടായ സാധാരണ അടിപിടി എന്നാണ് ഇതിനെ ഇരുവരും വാദിച്ചതെങ്കിലും കോടതി വാദം തള്ളുകയായിരുന്നു.
ഉത്തരക്കടലാസുകള്‍ കോളജില്‍ നിന്നു മോഷ്ടിച്ചതല്ലെന്നു കോളജ് അധികൃതര്‍ മൊഴി നല്‍കിയിരുന്നു. യൂണിവേഴ്സിറ്റി പരീക്ഷയ്‌ക്കു ശിവരഞ്ജിത്തിനു ഹാളില്‍ വിതരണം ചെയ്തതാണെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. എന്നാൽ ഇന്‍വിജലേറ്റര്‍ അറിഞ്ഞോ അറിയാതെയോ വേറെ ബുക്ക് ലറ്റില്‍ ഉത്തരമെഴുതി നല്‍കിയശേഷം തിരികെ വാങ്ങി വീട്ടില്‍ സൂക്ഷിച്ച സിനിമാപാട്ടും പ്രേമലേഖനവുമെഴുതിയ ഷീറ്റുകള്‍ കുത്തുകേസിന്റെ അന്വേഷണത്തിനിടെ പോലീസിന്റെ കണ്ണില്‍പ്പെട്ടതാണ് ഗുരുതരമായ പരീക്ഷാ ക്രമക്കേടുകളലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവായത്.
ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ള വ്യാജസീല്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതും സുഹൃത്തുക്കളായ പ്രണവും നസിമും പി.എസ്.സി പട്ടികയില്‍ ഒന്നും രണ്ടും റാങ്കുകാരായി എത്തിയതും വീണ്ടും ചര്‍ച്ചയാകുന്നത് ഇതുകൊണ്ടാണ്. പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദില്‍, ആദ്വൈത് എന്നീ പ്രതികള്‍ നല്‍കിയ അപേക്ഷയും കോടതി തള്ളി.
ശിവരഞ്ജിത്തിന്‍റെ വീട്ടില്‍നിന്നു ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും റെയ്ഡില്‍ പിടിച്ചെടുത്ത സംഭവത്തില്‍ കന്റോണ്‍മെന്‍റ് പോലീസ് രണ്ട് കേസെടുത്തു. എന്നാൽ സര്‍വകലാശാലാ രജിസ്ട്രാറുടെ പരാതി ഇതുവരെ പോലീസിനു കിട്ടിയിട്ടില്ല. ഉത്തരക്കടലാസ് മോഷണത്തിന് ശിവരഞ്ജിത്തിനെതിരേ പോലീസില്‍ പരാതി നല്‍കാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചെങ്കിലും ഈ പരാതിയും പോലീസിലെത്തിയിട്ടില്ല. കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ വെയ്റ്റേജിനായി ശിവരഞ്ജിത്ത് നല്‍കിയ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
















