തിരുവനന്തപുരം: ക്രൈസ്തവ മാനെജ്‌മെന്റിന്റെ കീഴിലുള്ള കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പുറത്തിറക്കിയ മാഗസിന് സ്ത്രീസമത്വത്തിന്റെയും നവോത്ഥാനത്തിന്റേയും പേരില്‍ ഹൈന്ദവ വിശ്വാസങ്ങളെ മാത്രം താറാടിക്കുക എന്ന ലക്ഷ്യമെന്ന് വ്യക്തമായി. ഹിന്ദുമത വികാരങ്ങളെ വൃണപ്പെടുത്തിയ സംഭവങ്ങളെ കോര്‍ത്തിണക്കി അവയ്‌ക്കു പിന്തുണ അര്‍പ്പിച്ചാണ് മാഗസിനിലെ ലേഖനങ്ങള്‍. ഹിന്ദു സ്ത്രീകളേയും പൂജാരിമാരേയും അധിക്ഷേപിച്ച മീശ നോവല്‍, ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദു, കനദുര്‍ഗ, ശബരിമല വിഷയത്തില്‍ നവോത്ഥാനത്തിന്റേയും സ്ത്രീ സമത്വത്തിന്റേയും പേരില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം എന്നിവയ്‌ക്കെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് മാഗസിനിലെ ലേഖനങ്ങള്‍. എന്നാല്‍, ബലാത്സസംഗക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍, ബിഷപ്പിനെതിരേ കന്യാസ്ത്രീകള്‍ നടത്തിയ സമരം, മുസ്ലിം സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുന്ന മുത്തലാഖ് ബില്‍ എന്നിവയെ സംബന്ധിച്ച ഒന്നും ‘ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന മാഗസിനിലില്ല.
ബിഷപ് ഡോ. ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പീഡനക്കേസില്‍ നടപടിക്കായി ഒരു മാസത്തോളമാണ് ഹൈക്കോടതി പരിസരത്തു മിഷണറീസ് ഓഫ് ജീസസിലെ അഞ്ചു കന്യാസ്ത്രീകള്‍ സമരം ചെയ്തത്. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാതെ ഒളിച്ചു കളിച്ച പിണറായി സര്‍ക്കാര്‍ ഈ കന്യാസ്ത്രീകളുടെ സമരത്തിനു മുന്നില്‍ പിന്നീട് മുട്ടുമടക്കുകയും ബിഷപ്പിനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനായി രംഗത്തെത്തിയത്. ഇതു വലിയ മാധ്യമശ്രദ്ധ നേടുകയും സ്ത്രീ സമൂഹത്തിന്റെ വിജയമായി വിലയിരുത്തുകയും ചെയ്തു. സമരം ചെയ്ത 5 കന്യാസ്ത്രീകളെ പിന്നീട് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ സ്ഥലം മാറ്റിയെങ്കിലും ആരും നിര്‍ദേശം പാലിച്ചില്ല. സമര നേതാവ് സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍മാരായ ആന്‍സിറ്റ, ജോസഫിന്‍, ആല്‍ഫി, നീനറോസ് എന്നിവരെയും സ്ഥലംമാറ്റിയത്. 5 പേരെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണു മാറ്റിയത്.
മുസ്ലിം സ്ത്രീകളുടെ സംരക്ഷണവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ലോക്‌സഭാ പാസാക്കിയ മുത്തലാഖ് ബില്‍. മുസ്ലിം പുരുഷന്മാര്‍ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് (മുത്തലാഖ് ) ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. നിയമം ലംഘിക്കുന്ന മൂന്നു വര്‍ഷം ജയില്‍ ശിക്ഷ എന്നതായിരുന്നു നിയമത്തിലെ വ്യവസ്ഥ. മുസ്ലിം മതവിഭാഗത്തിലെ സ്ത്രീകള്‍ കാലാകാലങ്ങളായി ആവശ്യപ്പെടുന്ന നിയമമാണ് ലോക്‌സഭ പാസാക്കിയത്. ഇതിനു സ്ത്രീവിഭാഗത്തിന്റെ വലിയ പിന്തുണയും ലഭിച്ചിരുന്നു.
മറ്റു മതവിഭാഗങ്ങളില്‍ ഉണ്ടായ ഈ സംഭവവികാസങ്ങളും പരാമര്‍ശിക്കാതെയാണു ശബരിമലയ്‌ക്കെതിരെ വിഷം തുപ്പിയും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയും മാഗസിന്‍ പുറത്തിറക്കിയത്. ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയുമൊന്നുമല്ല ആധുനിക നവോത്ഥാന നായകരെന്ന് വ്യക്തമാക്കുന്ന മാഗസിനില്‍ ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ രാഷ്‌ട്രീയ വക്താവായ ഡോ. വിനു പ്രകാശ് ആണ് മാഗസിന്‍ സ്റ്റാഫ് എഡിറ്റര്‍. അയ്യപ്പസ്വാമിയെ അപകീര്‍ത്തിച്ച തൃശൂര്‍ കേരള വര്‍മ്മ കോളേജിന് പിന്നാലെ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നത്. ഇതിനെതിരേ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഹൈന്ദവ സംഘടനകള്‍.
















