തിരുവനന്തപുരം:കേന്ദ്രത്തിന്റെ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. മഴക്കാലത്ത് കൃഷിചെയ്യുന്ന വിളകള്‍ ഇന്‍ഷുറന്‍സ് ചെയ്യാനുള്ള സമയമവസാനിക്കാന്‍ ഇനി ആറു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് കേരള സർക്കാരിന്റെ ഈ കർഷക ദ്രോഹം. കേരളത്തിലെ കര്‍ഷകര്‍ ഈ പദ്ധതിയെ കുറിച്ച് കേട്ടിട്ടുപോലുമില്ല. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികള്‍ ഇതിനുമുന്‍പും സമാനമായ രീതിയില്‍ മൂടിവച്ചോ തെറ്റിദ്ധാരണ പരത്തിയോ സര്‍ക്കാര്‍ അട്ടിമറിച്ചിരുന്നു.
അപേക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടെന്ന് കളവുപറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പദ്ധതികളെ മൂടി വയ്‌ക്കുന്നത്. കാര്‍ഷിക വകുപ്പാണെങ്കില്‍ കേന്ദ്ര പദ്ധതികള്‍ക്ക് ഒരുപാട് പരിമിതികളുണ്ടെന്ന് പറഞ്ഞ് കര്‍ഷകരെ വര്‍ഷങ്ങളായി പറ്റിക്കുകയാണ് .
വിളകള്‍ ഇന്‍ഷൂറന്‍സ് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രണ്ട് പുതിയ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ മഴയെ ആശ്രയിച്ചുള്ള ഖാരിഫ് വിളകളെ ഇന്‍ഷുറന്‍സ് ചെയ്യാനുള്ള അവസാന ദിവസം ഈമാസം 31ആണ്. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് വെറും ഇരുപത്താറായിരം പേര്‍ മാത്രമാണ് ഈപദ്ധതിയില്‍ പങ്കുചേര്‍ന്നത്. അതേസമയം സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയില്‍ രണ്ടരലക്ഷത്തിലധികം പേര്‍ പങ്കുചേര്‍ന്നിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിളഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നാണ് കര്‍ഷകര്‍പറയുന്നത്. വിളനാശമുണ്ടായാല്‍ കാര്‍ഷിക വായ്‌പ്പകള്‍ക്ക് സംരക്ഷണം കിട്ടുമെന്നതും നഷ്ടപരിഹാരത്തുക വളരെ കൂടുതലാണെന്നതും ഇത്തരം കേന്ദ്ര പദ്ധതികളുടെ മാത്രം പ്രത്യേകതയാണ്. മഴമൂലം കൃഷിയിറക്കുന്നത് തടസപ്പെട്ടാല്‍ പോലും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
കേരളത്തിലെ കര്‍ഷകരുടെ നിര്‍ഭാഗ്യം കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ക്കുവേണ്ടി ഒരു പ്രചാരണവും നടത്തുന്നില്ല. കൂടാതെ കുപ്രചരണമാണ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ 6000രൂപ കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതിയെക്കുറിച്ച് മുന്‍പ് തെറ്റിദ്ധാരണ പരത്തിയത് എല്ലാവര്‍ക്കും അറിവുള്ളതാണ്.
















