ആലപ്പുഴ: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ തുറവൂരുകാരും അഭിമാനം കൊള്ളുകയാണ്. പദ്ധതിയില്‍ നിര്‍ണായക പങ്കുവഹിച്ച വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി) ഡയറക്ടര്‍ എസ്. സോമനാഥ് തുറവൂര്‍ സ്വദേശിയാണ്. തുറവൂര്‍ വേടംപറമ്പില്‍ അദ്ധ്യാപകനായ ശ്രീധരപ്പണിക്കരുടേയും, തങ്കമ്മയുടേയും മകനാണ്.
എന്‍ജിനീയറിങ് ബിരുദം നേടിയത് കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജില്‍ നിന്നാണ്. മാസ്‌റ്റേഴ്‌സ് ബിരുദത്തിന് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സിലാണ് പഠിച്ചത്. 1985ല്‍ വിഎസ്എസ്‌സിയില്‍ ചേര്‍ന്നു. പിഎസ്എല്‍വി ദൗത്യങ്ങളുടെ കാലമായിരുന്നു അത്. ആദ്യത്തെയും രണ്ടാമത്തെയും വിക്ഷേപണങ്ങളുടെ രൂപകല്‍പനയില്‍ പങ്കാളിയായിരുന്നു. പിന്നീട് ചന്ദ്രയാനിന്റെ ഭാഗമായി. ആദ്യ പരീക്ഷണത്തില്‍ റോക്കറ്റ് രൂപകല്‍പ്പന ചെയ്ത പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്നു.
ചന്ദ്രയാന്‍-2ല്‍ റോക്കറ്റ് നിര്‍മ്മാണത്തിന്റെയും വിക്ഷേപണത്തിന്റെയും പ്രധാന ചുമതലകളുണ്ട്. ഇതിന്റെ ഒട്ടേറെ ഭാഗങ്ങള്‍ വിഎസ്എസ്‌സിയാണ് നിര്‍മ്മിച്ചത്. എന്‍ജിന്‍ രൂപകല്‍പ്പനയും സോമനാഥിന്റെ ചുമതല ആയിരുന്നു. അരൂര്‍ പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തും പിന്നീട് തുറവൂര്‍ വളമംഗലത്തുമായിരുന്നു സോമനാഥിന്റെ കുടുംബം താമസിച്ചിരുന്നത്. ഭാര്യ വത്സല പൂച്ചാക്കല്‍ സ്വദേശിനിയാണ്. തിരുവനന്തപുരം ജിഎസ്‌ടി വകുപ്പില്‍ ജോലി ചെയുന്നു. മകള്‍ മാലികാ എന്‍ജിനീയറിങ്ങില്‍ മാസ്‌റ്റേഴ്‌സിനു പഠിക്കുന്നു, മകന്‍ മാധവും എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്.
















