തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും ഇംഗ്ലീഷ് സിനിമാപാട്ടും. പരീക്ഷയ്‌ക്ക് ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ ഉത്തരം എഴുതുന്നു എന്ന് വരുത്താനാണ് ഇത്തരത്തില്‍ പാട്ടും പ്രണയലേഖനവും എഴുതിയതെന്നാണ് വിലയിരുത്തല്‍.
ഉത്തരക്കടലാസ് വീട്ടിലേക്ക് കൊണ്ടുപോയശേഷം ശരിയുത്തരം എഴുതിയ കടലാസുകള്‍ ജീവനക്കാരുടെ സഹായത്തോടെ കവറില്‍ കയറ്റുന്ന രീതിയാകും ഇവിടെ പിന്തുടര്‍ന്ന് വരുന്നതെന്നും സംശയിക്കുന്നു. അല്ലെങ്കില്‍ പരീക്ഷാഹാളില്‍ നിന്നും നല്‍കുന്ന ഉത്തരക്കടലാസുകളില്‍ എന്തെങ്കിലും കുത്തിക്കുറിച്ച ശേഷം പുറത്ത് നിന്നും ഉത്തരം എഴുതി ലഭിക്കുന്ന ഉത്തരക്കടലാസുകള്‍ തിരിച്ചു നല്‍കുന്നതാകാമെന്നും സംശയിക്കുന്നു. സംഭവത്തിൽ യൂണിവേഴ്സിറ്റി കോളേജ് അധ്യാപകരുടെയും സര്‍വകലാശാലാ ഉദ്ദ്യോഗസ്ഥരുടെയും ഇടപെടലുകളുണ്ടാകാം.
ശിവരഞ്ജിത് മാത്രമല്ല ഈ ഗൂഢാലോചനയില്‍ പങ്കെടുത്തതെന്ന് ഇതോടെ വ്യക്തമാകുന്നു. എസ്എഫ്‌ഐ നേതാക്കള്‍ കൂട്ടത്തോടെ കടത്തിയതാകാം. അതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താതെ പരീക്ഷാപേപ്പര്‍ വിവാദം തേച്ചുമായ്ച്ച് കളയാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരും പോലീസും.
കേരള സര്‍വകലാശാലാ പരീക്ഷയ്‌ക്കു നല്‍കിയ 16 സീരിയല്‍ നമ്പറുകളുള്ള ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇതിന്റെ ഉറവിടം വ്യക്തമാക്കണമെന്നു കോളജ് പ്രിന്‍സിപ്പലിനോടു പോലീസ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
















