കൊച്ചി: കാലാവധി കഴിഞ്ഞിട്ടും മഹാരാജാസ് കോളജില്‍ പാര്‍ട്ടി ഓഫിസ് പോലെ പ്രവര്‍ത്തിച്ചിരുന്ന എസ്എഫ്‌ഐ യൂണിയന്‍ ഓഫിസ് അടച്ചുപൂട്ടി. കോളജ് യൂണിയന്‍ യൂണിയന്‍ ഓഫിസ് അടയ്‌ക്കണമെന്നും കോളജിന്റെ കവാടങ്ങളില്‍ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐയുടെ ചുവരെഴുത്തുകള്‍ മായ്‌ക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്യു യൂണിറ്റ് കമ്മിറ്റി നേരത്തെ പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടിയാണു സ്വീകരിച്ചതെന്നും തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ യൂണിയന്‍ നിലവില്‍ വന്ന ശേഷമേ ഇനി ഓഫിസ് തുറക്കുകയുള്ളൂവെന്നും പുതിയ പ്രിന്‍സിപ്പല്‍ കെ. ജയകുമാര്‍ വ്യക്തമാക്കി.
മേയ് 31നു യൂണിയന്‍ കാലാവധി കഴിയുന്നതോടെ യൂണിയന്‍ ഓഫിസ് പൂട്ടണമെന്നാണു നിയമം. യൂണിയന്‍ പ്രവര്‍ത്തന കാലയളവില്‍ എല്ലാ ദിവസവും പ്രവൃത്തിസമയം കഴിഞ്ഞ് യൂണിയന്‍ ഓഫിസ് പൂട്ടി താക്കോല്‍ ഓഫിസില്‍ ഏല്‍പിക്കണമെന്നുണ്ട്. എന്നാല്‍, കാലാവധി കഴിഞ്ഞാലും മഹാരാജാസില്‍ യൂണിയന്‍ ഓഫിസ് വര്‍ഷം മുഴുവന്‍ എസ്എഫ്‌ഐ നിയന്ത്രണത്തിലാണ്. ഓരോ ദിവസവും ഇതു പൂട്ടി താക്കോല്‍ ഏല്‍പിക്കാറുമില്ല.
രാത്രി കാലങ്ങളില്‍ ഉള്‍പ്പെടെ യൂണിയന്‍ ഓഫിസില്‍ പുറത്തു നിന്നുള്ളവര്‍ തമ്പടിക്കുന്നതായും രാഷ്‌ട്രീയ എതിരാളികളായ വിദ്യാര്‍ഥികളെ ഇതിനുള്ളില്‍ കൊണ്ടുവന്നു മര്‍ദിക്കുന്നതായും കെഎസ്യുവിനു പരാതിയുണ്ട്. കെഎസ്യു യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സി.പി. പ്രിയ നേരത്തെതന്നെ അന്നത്തെ പ്രിന്‍സിപ്പലിനു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
യൂണിവേഴ്‌സിറ്റി കോളജില്‍ ഇടിമുറിയായി പ്രവര്‍ത്തിച്ച യൂണിയന്‍ ഓഫിസ് കേന്ദ്രീകരിച്ചുള്ള അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപടി കടുപ്പിച്ച സാഹചര്യത്തിലാണ് മഹാരാജാസിലും ഇപ്പോള്‍ നടപടി സ്വീകരിക്കുന്നത്.
ഇന്നലെ രാവിലെ ക്ലാസ് തുടങ്ങും മുന്‍പു കോളജിനു മുന്നിലെ കെട്ടിടത്തിലുള്ള യൂണിയന്‍ ഓഫിസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ അടച്ചുപൂട്ടുകയായിരുന്നു. ഉള്ളിലുണ്ടായിരുന്ന കൊടിതോരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പുറത്തു വച്ച ശേഷമാണ് പൂട്ടിയത്. പിന്നീടു വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് പ്രിന്‍സിപ്പല്‍ ഇക്കാര്യം വ്യക്തമാക്കി.
















