കോഴിക്കോട്: ആശയവിനിമയത്തിലൂടെ മാത്രമേ മുന്നേറാനാവൂ എന്ന് കാശ്യപാശ്രമം കുലപതിയും വേദപണ്ഡിതനുമായ ആചാര്യശ്രീ രാജേഷ്. കാശ്യപാശ്രമത്തിന്റെ കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തില്‍ നടക്കുന്ന വേദസപ്താഹത്തിന്റെ രണ്ടാംദിവസമായ ഇന്നലെ ജ്ഞാനയജ്ഞസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം ആശയം കൈമാറുന്നതോടൊപ്പം ബുദ്ധിപൂര്‍വമായ തീരുമാനങ്ങളെടുക്കുന്നതിനും അത് നടപ്പിലാക്കുന്നതിനുമുള്ള പ്രേരണ നല്‍കുന്ന അനേകം വേദമന്ത്രങ്ങള്‍ നമുക്കു കാണാന്‍
സാധിക്കും. ഋഗ്വേദത്തിലുടനീളം കാണുന്ന മന്ത്രങ്ങളില്‍ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നതിനുള്ള അനേകം ഉപദേശങ്ങള്‍ കാണാം. ആ ഉപദേശങ്ങളെ ക്രിയാത്മകമായി നടപ്പാക്കുന്നതാണ് യജ്ഞങ്ങള്‍, അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. രാവിലെ മുറജപസഹിതം മുറഹോമം നടന്നു. രാജസൂയമന്ത്രങ്ങളും, ദീക്ഷാനിയമമന്ത്രങ്ങളും വിഘ്നനിവാരകമന്ത്രങ്ങളും മുറഹോമത്തില്‍ വിനിയോഗിക്കപ്പെട്ടു. ഇന്ന് 8 മണിമുതല്‍ ആരംഭിക്കുന്ന മുറഹോമത്തില്‍ അഗ്‌നിചയനമന്ത്രങ്ങള്‍ ക്രമത്തില്‍ വിനിയോഗിക്കുന്നതായിരിക്കും. വൈകുന്നേരം 4 മണിമുതല്‍ മുറജപവും ആചാര്യശ്രീ രാജേഷ് നയിക്കുന്ന ജ്ഞാനയജ്ഞവും ഉണ്ടായിരിക്കും.
















