കോട്ടയം: സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്താനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര സര്‍ക്കാരിന്റെ റൂസ (രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്) പദ്ധതി പ്രകാരം എംജി സര്‍വകലാശാലയ്ക്ക് കോടികളുടെ കേന്ദ്രസഹായം. ഇതനുസരിച്ച് എംജി സര്‍വകലാശാലയ്ക്ക് അനുവദിച്ച 20 കോടിയില്‍ 17.88 കോടി രൂപയും ചെലവഴിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് ഈ പദ്ധതികളെന്ന് പ്രചരിപ്പിക്കാനാണ് ഇടത് സിന്‍ഡിക്കേറ്റിന്റെ ശ്രമം. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ കേന്ദ്ര സഹായം ലഭിക്കുമ്പോഴും വിവിധ വകുപ്പുകള്‍ക്കുള്ള ഫണ്ട് ചെലവ് ചുരുക്കലിന്റെ പേരില്‍ സിന്‍ഡിക്കേറ്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.
സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ക്ക് വലിയ ഉത്തേജനമാണ് ധനസഹായം വഴി ഉണ്ടായത്. 3.5 കോടിയുടെ സോളാര്‍ പവര്‍ പ്ലാന്റ്, 2.5 കോടിയുടെ വൈ-ഫൈ കാമ്പസ്, 4.12 കോടിയുടെ സ്റ്റുഡന്റ്സ് അമിനിറ്റി/ഇന്‍കുബേഷന്‍ സെന്റര്‍, 1.25 കോടിയുടെ ഇ-ഗവേണന്‍സ്/പരീക്ഷാ കമ്പ്യൂട്ടര്‍വത്ക്കരണം, 2.31 കോടിയുടെ ലബോറട്ടറി ഉപകരണങ്ങള്‍, ഹോസ്റ്റല്‍ കിച്ചണ്‍ നവീകരണം, വിദ്യാര്‍ഥികളുടെ കാന്റീന് നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കാണ് പണം പ്രധാനമായും ചെലവഴിച്ചത്.
വിദ്യാര്‍ഥികളില്‍ സംരംഭകത്വശേഷി വളര്‍ത്തി തൊഴിലന്വേഷകന് എന്നതിലുപരി തൊഴില്‍ ദാതാവാക്കി മാറ്റാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വകലാശാല ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. സര്‍വകലാശാലയുടെ പഠനവകുപ്പുകള്‍ അന്തര്‍സര്‍വകലാശാല കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തമ്മില്‍ ഓണ്‍ലൈനിലൂടെയും അക്കാദമിക വിനിമയം വൈ-ഫൈ കാമ്പസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിലൂടെ സുതാര്യതയും കാര്യ ക്ഷമതയും മികവുറ്റതാക്കാനും പരീക്ഷയും അനുബന്ധ പ്രവര്‍ത്തനങ്ങളും സമയ ബന്ധിതമായി നടത്താനും സാധിക്കും. 235 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സര്‍വകലാശാല കാമ്പസിലുള്ള ഊര്‍ജ ആവശ്യങ്ങളും നിറവേറ്റനാകും.സര്‍വകലാശാലയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഫണ്ട് ചെലവഴിക്കുമ്പോള്‍ തന്നെയാണ് അക്കാദമിക് ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് സിന്‍ഡിക്കേറ്റ് വെട്ടിക്കുറയ്ക്കുന്നത്. സിന്‍ഡിക്കേറ്റിന്റെ അപ്രീതിക്ക് ഇരയായ എംജി ബേസിക് സയന്‍സ് കേന്ദ്രം മതിയായ ഫണ്ടില്ലാത്തതിനാല്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചെലവ് ചുരുക്കലിന്റെ പേരിലാണ് ഫണ്ട് വെട്ടിക്കുറച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: