കൊച്ചി: ഐജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഐ-സിപിഎം ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ് സുഹാസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി പി രാജു അടക്കമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ഞാറയ്‌ക്കല്‍ സിഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ചാണ് ജില്ലാ കളക്ടര്‍ പ്രാഥമിക അന്വേഷണം തുടങ്ങിയത്. എംഎല്‍എ അടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. എറണാകുളം എസിപി കെ ലാല്‍ജിയടക്കം മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.
സിപിഎം നേതാവ് പി രാജീവ് അടക്കമുള്ളവര്‍ പരിക്കേറ്റ് ചികിത്സയിലുള്ള എംഎല്‍എ ഉള്‍പ്പടെയുളളവരെ സന്ദര്‍ശിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയില്ലാതെ പിന്നോട്ടില്ലെന്നാണ് സിപിഐ നിലപാട്. കളക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ജില്ലാ നേതൃത്ത്വത്തിന്റെ തീരുമാനം. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് എഐഎസ്എഫ് ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കും.
















