തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷ ക്രമക്കേട് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. പരീക്ഷ ഹാളിലെത്തി ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും ഇംഗ്ലീഷില്‍ എഴുതിയ മലയാളം സിനിമപ്പാട്ടുകളുമാണെന്നും കണ്ടെത്തി. പരീക്ഷാ ചുമതലയുള്ളവരുടെ തെറ്റിദ്ധരിപ്പിക്കാന്‍ ഹാളില്‍ വെച്ച് ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് ജീവനക്കാരുടെ സഹായത്തോടെ തിരുകിക്കയറ്റി മാര്‍ക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമമായിരുന്നു.
അതിനിടെ, ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകളാണ്. ഇത് യൂണിവേഴ്സിറ്റി കോളേജിന് സര്‍വ്വകലാശാല നല്‍കിയതാണെന്ന് നേരത്തെ പരീക്ഷാ കണ്ട്രോളര് വ്യക്തമാക്കിയിരുന്നു. കെട്ടുകളില്‍ ഒന്ന് എസ്എഫ്ഐ നേതാവായിരുന്ന പ്രണവിന് നല്‍കിയതാണെന്ന വിവരവും കോളേജ് അധികൃതര്‍ പൊലീസിന് കൈമാറി. ഇതോടെ എസ്എഫ്ഐ നേതാക്കള്‍ കൂട്ടത്തോടെ ഉത്തരക്കടലാസ് കടത്തിയെന്ന് തെളിഞ്ഞു. പിഎസ് സി പോലീസ് കോണ്‍സ്റ്റഭില്‍ പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിനു രണ്ടാം റാങ്കുമായിരുന്നു.
അതേസമയം, പരീക്ഷ ക്രമക്കേട് സംബന്ധിച്ചു നാല് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നുമെന്നാണ് നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടില്ല. ഉത്തരക്കടലാസ് തിരിമറിയില്‍ സര്‍വ്വകലാശാലയോ യൂണിവേഴ്സിറ്റി കോളേജ് അധികൃതരോ പൊലീസിന് പരാതി നല്‍കിയിട്ടില്ല.
















