തിരുവനന്തപുരം: കിളിമാനൂർ പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ തട്ടത്തുമല ബഡ്‌സ് സ്‌കൂള്‍ വളപ്പിലെ ഈട്ടിമരം അനധികൃതമായി മുറിച്ച് കടത്തിയ കേസില്‍ സിപിഎം നേതാവായ പഞ്ചായത്തംഗമടക്കം രണ്ടു പേരെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പഴയകുന്നുമ്മേല്‍ പഞ്ചായത്തംഗം ചെമ്പകശ്ശേരി അഭിജിത് ഭവനില്‍ കെ.എസ്. ഷിബു (52), മരംവെട്ട് കരാറുകാരനായ ചെമ്പകശ്ശേരി കുന്നില്‍ വീട്ടില്‍ വിനോദ് (36) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ അഞ്ചിനാണ് മരംമുറിച്ച് കടത്തിയത്. വനംവകുപ്പ് ഒന്നര ലക്ഷത്തോളം രൂപ വില നിശ്ചയിച്ചിരുന്ന മരമാണ് ഷിബു മുറിച്ച് കടത്തിയത്. വിവാദമായതോടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ബഡ്‌സ് സ്‌കൂളിന് പിന്നിലും ചെമ്പകശ്ശേരിയിലെ സ്വകാര്യ വ്യക്തിയുടെ വീടിന് പിന്നിലും തടി കണ്ടെത്തിയിരുന്നു.
എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ ഒളിവിലാണെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നുമാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാണിക്കാതിരിക്കാന്‍ പോലീസ് പരിശ്രമിച്ചത് വിവാദമായി.
















