തിരുവനന്തപുരം: തലയോട്ടിക്കുള്ളിലെ രക്തസ്രാവം പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി എം.എം. മണിക്ക് ശസ്ത്രക്രിയ നടത്തി. തലയോട്ടിക്കുള്ളില്‍ കട്ട പിടിച്ച രക്തം പൂര്‍ണമായും നീക്കിയതായും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ എട്ട് മണിയോടെയാണ് ന്യൂറോ സര്‍ജന്‍മാര്‍ അടക്കമുള്ള വിദഗ്‌ദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചത്.
കാലുകള്‍ക്ക് ബലക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ആണ് മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ ആണ് തലയോട്ടിയില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയത്. മന്ത്രിയുടെ ചികിത്സ സംബന്ധിച്ചു കഴിഞ്ഞ മെഡിക്കല്‍ ബോര്‍ഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ തലയോട്ടിക്കുള്ളിലെ രക്തസ്രാവം നിലക്കാത്തതിനാല്‍ ഇന്നലെ ബോര്‍ഡ് യോഗം ചേര്‍ന്നു ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. മന്ത്രിയിപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
















