ആലുവ: പ്രസവം നിര്‍ത്തുന്നതിനുള്ള ശാസ്ത്രക്രിയയ്‌ക്ക് മുന്നോടിയായി നൽകിയ കുത്തിവയ്‌പ്പിനെ തുടര്‍ന്ന് യുവതി മരിച്ചു.ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.കൊടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് (36)മരിച്ചത്.
കുത്തിവയ്‌പ്പിനെ തുടര്‍ന്ന് പൂര്‍ണ അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ ഐസിയു ആബുലന്‍സില്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ഓടെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി.
തിയേറ്ററിലേക്ക് കൊണ്ടുപോകും മുന്‍പ് തനിക്ക് നല്‍കിയ മരുന്ന് മാറിയതായി സംശയമുണ്ടെന്ന് നേഴ്‌സ് കൂടിയായ സിന്ധു പറഞ്ഞിരുന്നതായി ബന്ധുകള്‍ അറിയിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ചുള്ള വിവരമറിയാത്തതിനെ തുടര്‍ന്ന് തിയേറ്ററിലേക്ക് അമ്മ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ സിന്ധുവിനെ കാണുന്നത്.
എന്നാല്‍ അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം യുവതിയുടെ ആരോഗ്യനില മോശമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വിദേശത്ത് നഴ്സായ യുവതിയും ഭര്‍ത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.
















