കുവൈത്ത് സിറ്റി : കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 69,000 ഗാർഹിക തൊഴിലാളികൾ രാജ്യം വിട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു. അതേ സമയം ഈ വർഷം ആരംഭം മുതൽ ഇതു വരെയായി 69282 പേർ ഗാർഹിക വിസയിൽ രാജ്യത്ത് എത്തിയതായും സ്ഥിതി വിവരകണക്കിൽ സൂചിപ്പിക്കുന്നു.
പുരുഷന്മാരും സ്ത്രീകളും അടക്കം ഏഴു ലക്ഷത്തി പതിനെട്ടായിരം ഗാർഹിക തൊഴിലാളികളാണു ഇപ്പോൾ രാജ്യത്ത് ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 31 വരെ ഇത് ആറ് ലക്ഷത്തി നാൽപ്പത്തി എണ്ണായിരം ആയിരുന്നു. അതായത് ആറു മാസത്തിനിടയിൽ 9.1 ശതമാനം വർദ്ധനവാണ് ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഉണ്ടായത്. 21 ലക്ഷം വിദേശികളാണ് രാജ്യത്ത് ആകെ തൊഴിൽ ചെയ്യുന്നത്. ഇതിൽ 34.1 ശതമാനവും ഗാർഹിക തൊഴിലാളികളാണെന്നും സ്ഥിതി വിവര കണക്കിൽ പറയുന്നു.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 65,521 ഗാർഹിക തൊഴിലാളികൾ കരാർ കാലാവധിക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു പോയി. 2015-2018 കാലയളവിൽ ആകെ 90,000 വീട്ടു വേലക്കാരെ നാടു കടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ ഭൂരിഭാഗവും ഫിലിപ്പീൻ പൗരന്മാരാണ്. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ, എത്യോപ്യ , ഘാന മുതലായ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: