ഭാരതീയ മസ്ദൂര്‍സംഘം(ബിഎംഎസ്) ഇന്ന് പ്രവര്‍ത്തനത്തിന്റെ അറുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 1955 ജൂലൈ 23 ന് ലോകമാന്യ ബാലംഗംഗാധരതിലകന്റെ ജന്മദിനത്തിലാണ് ബിഎംഎസ് സ്ഥാപിച്ചത്. ആര്‍എസ്എസ് പ്രചാരകനായ ദത്തോപന്ത് ഠേംഗഡിയുടെ നേതൃത്വത്തില്‍, ദേശീയവാദികളായ മുപ്പത്തിയഞ്ചോളം സാമൂഹ്യ പ്രവര്‍ത്തകര്‍ ഭോപ്പാലില്‍ ഒരുമിച്ചുചേര്‍ന്നാണ് തുടക്കം. ഠേംഗ്ഡി ഒഴികെ അവിടെ കൂടിയ ആര്‍ക്കും ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മുന്‍പരിചയം ഉണ്ടായിരുന്നില്ല. പില്ക്കാലത്ത് അതിപ്രശസ്തരായിത്തീര്‍ന്ന
അടല്‍ബിഹാരി വാജ്പേയി, ജഗദീശ് പ്രസാദ് മാഥൂര്‍ തുടങ്ങിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രജീവിതത്തിലെ സുപ്രധാനമേഖലകളായ തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവ രാജനൈതിക പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിന് കീഴിലാകാതെ സ്വതന്ത്രമായി നയിക്കപ്പെടണം എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയാതീതമായ തൊഴിലാളി സംഘടനയായിരിക്കും ബിഎംഎസ് എന്ന് ആദ്യദിനം തന്നെ തീരുമാനിച്ചു. പ്രവര്‍ത്തനത്തിന്റെ ആറരപ്പതിറ്റാണ്ടിലെത്തുമ്പോഴും ഈ കാഴ്ചപ്പാടില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ ബിഎംഎസ്സിന് കഴിയുന്നു. പ്രഖ്യാപിത ആദര്‍ശത്തില്‍ മുറുകെ പിടിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ബിഎംഎസ്സിന് ഇന്ത്യയില്‍ അംഗസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള തൊഴിലാളി സംഘടനയായി മാറാന്‍ കഴിഞ്ഞത്.
ഇന്ത്യയില്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചവര്‍ ഇന്ത്യയുടെ ആത്മാവായ ആധ്യാത്മികതയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടവരായിരുന്നു. ആദ്യ തൊഴിലാളി സംഘടനയായ ബോംബെ മില്‍ ഹാന്‍ഡ്സ് അസോസിയേഷന്റെ സ്ഥാപകന്‍ നാരായണ്‍ മേഖാജി ലോഖാണ്ഡേ, മഹാരാഷ്ട്രയിലെ സാമൂഹ്യപരിഷ്കര്‍ത്താവും അധഃസ്ഥിത ജനവിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ദേഹവുമായ മഹാത്മാഫൂലേയുടെ അനുയായി ആയിരുന്നു.
ബംഗാളില്‍ വര്‍ക്കിംഗ് മെന്‍സ് ക്ലബ്ബ് എന്ന തൊഴിലാളി സംഘടന രൂപീകരിച്ച ശശിപാദ ബാനര്‍ജി ബ്രഹ്മസമാജത്തിന്റെ ഉന്നത നേതാവായിരുന്നു. ആഫ്രിക്കയിലും ഇന്ത്യയിലും തൊഴിലാളി സമരത്തിന് നേതൃത്വം നല്കിയ മഹാത്മജി ഭാരതത്തിന്റെ ആധ്യാത്മികതയുടെ പ്രതീകം തന്നെയാണല്ലോ. മഹാത്മജിയോടൊപ്പം പ്രവര്‍ത്തിച്ച ആനി ബസന്റ്, അനസൂയാബെന്‍ സാരാബായ് തുടങ്ങിയവരും ഭാരതത്തിന്റെ ആധ്യാത്മിക അടിത്തറയില്‍ നിന്നുകൊണ്ട് തൊഴിലാളികളെ സംഘടിപ്പിച്ചവരാണ്.
കേരളത്തിലും തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നത് ആധ്യാത്മികാചാര്യന്മാരായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശീര്‍വാദത്തോടെയാണ് കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനമായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന് വാടപ്പുറം ബാവ ആരംഭിക്കുന്നത്. 1922 ഏപ്രില്‍ 23ന് ആലപ്പുഴ കളപ്പുര ക്ഷേത്രമൈതാനത്ത് ചേര്‍ന്ന തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയത് ഗുരുദേവ ശിഷ്യനായ സത്യവ്രതന് സ്വാമികളായിരുന്നു. ഗുരുദേവന്റെ നിര്‍ദേശാനുസരണമാണ് സത്യവ്രതസ്വാമികള്‍ ഈ യോഗത്തില്‍ സംബന്ധിച്ചത്.
സംഘടനയ്ക്ക് ഗുരുദേവന്റെ ആശീര്‍വാദം ഉണ്ട് എന്നറിഞ്ഞതോടെ തിരുവിതാംകൂറിലെ അധഃസ്ഥിത തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ കൂട്ടംകൂട്ടമായി സംഘടനയിലേക്കെത്തി. തിരുവിതാംകൂറില്‍ മാത്രമല്ല കണ്ണൂരിലെ ആദ്യത്തെ ബീഡിത്തൊഴിലാളിയൂണിയനും ശ്രീനാരായണഗുരുദേവന്റെ പേരിലായിരുന്നു സ്ഥാപിതമായത്. ഇന്ന് ഇടതുപക്ഷം കയ്യില്‍ വച്ചിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്ണ്ട്രാക്ട് സൊസൈറ്റിയുടെ സ്ഥാപകന്‍ ബ്രഹ്മാനന്ദ ശിവയോഗിയുടെ ശിഷ്യനും ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനുമായ വാഗ്ഭടാനന്ദ ഗുരുദേവന് ആയിരുന്നു. തിരുവിതാംകൂറില്‍ ആദ്യമായി കര്‍ഷകതൊളിലാളി സമരത്തിന് നേതൃത്വം വഹിച്ചത് മഹാത്മാ അയ്യങ്കാളിയായിരുന്നു. അയ്യങ്കാളിക്ക് പ്രേരണയും ശക്തിയുമായി നിന്നത് ശ്രീനാരായണഗുരുദേവന്‍ ആയിരുന്നു. ഇഎംഎസ് ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര് തമസ്കരിച്ച ഈ ചരിത്ര സത്യങ്ങള്‍ വര്‍ത്തമാനകാലത്ത് പുറത്തുകൊണ്ടുവരികയും ചര്‍ച്ച ചെയ്യുകയും വേണം.
ആധ്യാത്മികാചാര്യന്മാര് തുടക്കം കുറിച്ച ഇന്ത്യയിലെ തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വര്‍ത്തമാനകാലത്തു നേതൃത്വം നല്‍കുന്നത് ഭാരതത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ബിഎംഎസ് ആണെന്നത് പ്രകൃതിയുടെ നിശ്ചയം തന്നെയാണ്. ‘സംതൃപ്ത തൊഴിലാളി സമൃദ്ധഭാരതം’ എന്ന സന്ദേശമാണ് ബിഎംഎസ് ഈ കാലഘട്ടത്തില്‍ നല്‍കുന്നത്. തന്റേതല്ലാത്ത കുറ്റംകൊണ്ട് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അവസാന വ്യക്തിയെ വരെയും സംഘടിപ്പിച്ചുകൊണ്ട് അവര്‍ക്കു മാന്യമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ലഭ്യമാകുന്നതുവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കും എന്ന പ്രതിജ്ഞ ഓരോ ബിഎംഎസ് പ്രവര്‍ത്തകനും പുതുക്കുന്ന ദിനമാണ് സ്ഥാപനദിനം.
(ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: