തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസില്‍പ്പെട്ട പ്രതികള്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിഎസ്‌സി ചെയര്‍മാന്‍ രാജിവയ്‌ക്കണമെന്നും കേരളാ പിഎസ്‌സി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ പിഎസ്‌സി ചെയര്‍മാനെ തടഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍.
രാവിലെയാണ് ഗവര്‍ണറെ കാണാന്‍ പിഎസ്‌സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ രാജ്ഭവനില്‍ എത്തിയത്. അപ്പോഴായിരുന്നു അതീവ സുരക്ഷാ മേഖലയായ രാജ്ഭവന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധിച്ചത്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രജ്ഞിത്ത് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ആര്‍.ബി. രാകേന്ദു, ജില്ലാ കണ്‍വീനര്‍ മഞ്ജിത്ത്. സി.ജി, നേതാക്കളായ ആര്യ സതീഷ്, വിനീത എന്നിവരുടെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് ബലപ്രേയാഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പാര്‍ട്ടി സര്‍വീസ് കമ്മിഷനായി പിഎസ്‌സി മാറിയിരിക്കുകയാണ്. സമരം ശക്തമാക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രജ്ഞിത്ത് ചന്ദ്രന്‍ അറിയിച്ചു.
















