തിരുവനനന്തപുരം: നിയമസഭയില്‍ വി. ശിവന്‍കുട്ടിയടക്കമുള്ള സി പിഎം എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മിത മൈക്ക് സെറ്റും അടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതില്‍ അപേക്ഷ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ സെപ്റ്റംബര്‍ 2ന് വിശദമായ വാദം ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകയായ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനയോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിജു ഷെയ്‌ക്ക് ഉത്തരവിട്ടു. ഹര്‍ജി അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കേസ് മാറ്റിവച്ചത്.
2015 ലാണ് കേസിനാസ്പദമായ സംഭവം. ഇടത് എംഎല്‍എമാരായ കെ. അജിത്, കുഞ്ഞമ്പു മാസ്റ്റര്‍, നിലവില്‍ കായിക മന്ത്രിയായ ഇ.പി. ജയരാജന്‍, സി.കെ. സദാശിവന്‍, വി. ശിവന്‍കുട്ടി, നിലവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.ടി. ജലീല്‍ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയ്യേറി ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതല്‍ അറു വരെയുള്ള പ്രതികള്‍.
അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതല്‍ നശിപ്പിച്ചത്. കേസ് സാമാജികര്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാനായി സുപ്രീംകോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച എറണാകുളം സ്‌പെഷ്യല്‍ കോടതിയിലേക്ക് 2018 ഏപ്രില്‍ 21ന് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി തിരുവനന്തപുരം സിജെഎം കോടതി അയച്ചിരുന്നു. എന്നാല്‍ ഓരോ ജില്ലയിലും പ്രത്യേക കോടതി രൂപീകരിക്കാന്‍ തീരുമാനമുണ്ടായതിനെ തുടര്‍ന്നാണ് കേസ് റെക്കോര്‍ഡുകള്‍ തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തിരിച്ചയച്ചത്.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സര്‍ക്കാര്‍ പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
















