എടത്വ: തോരാതെ പെയ്യുന്ന മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിക്കുകയും ചെയ്തതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. നീരേറ്റുപുറം-മുട്ടാര്‍-കിടങ്ങറ, എടത്വ-തായങ്കരി-കൊടുപ്പുന്ന എന്നീ റോഡുകളില്‍ വെള്ളം കയറി. മുട്ടാര്‍ കിടങ്ങറ റൂട്ടില്‍ കുമരംചിറപ്പള്ളി, തായങ്കരി കൊടുപ്പുന്ന റോഡില്‍ വേഴപ്ര പ്രദേശത്തുമാണ് റോഡില്‍ വെള്ളം കയറിയിട്ടുള്ളത്. കൂടാതെ നിരവധി ചെറിയ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.
കിടങ്ങറ-മുട്ടാര്‍ റോഡിലെ പഞ്ചായത്ത് ജങ്ഷന്‍, കുമരംചിറ പള്ളിക്കു സമീപം, ചതുര്‍ത്ഥ്യാകരി വികാസ് മാര്‍ഗ് റോഡിലെ വിനോബാ നഗറിനു സമീപം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. ജല നിരപ്പുയരുന്നത് പാടശേഖരങ്ങള്‍ക്കും ഭീഷണിയായി. രണ്ടാം കൃഷിയിറക്കിയ പടശേഖരങ്ങള്‍ ഭീഷണിയിലാണ്. ഏകദേശം ആറായിരത്തോളം ഹെക്ടറിലാണ് ഇത്തവണ കുട്ടനാട്ടില്‍ രണ്ടാംകൃഷിയിറക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം രണ്ടാംകൃഷിയിറക്കിയ മുഴുവന്‍ പാടശേഖരങ്ങളിലും മഹാപ്രളയത്തെത്തുടര്‍ന്ന് മടവീഴ്ചയുണ്ടാകുകയും കൃഷി നശിക്കുകയും ചെയ്തിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ ഇടറോഡുകളിലും പറമ്പുകളിലും വെള്ളം മുട്ടോളമെത്തി. രണ്ടാംകൃഷി ഇല്ലാത്ത പാടശേഖര നടുവിലെ താമസക്കാരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കിഴക്കന്‍മേഖലയില്‍ മഴ തുടരുന്നതാണ് വെള്ളപ്പൊക്കഭീഷണിക്കു കാരണമാകുന്നത്.
ജലനിരപ്പ് ഇനിയും അരയടി കൂടി ഉയര്‍ന്നാല്‍ കുട്ടനാട്ടിലെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. കഴിഞ്ഞ മഹാ പ്രളയം മൂലമുള്ള ദുരിതത്തെ ഒരു പരിധി വരെ അതിജീവിച്ച ജനങ്ങള്‍ക്ക് വീണ്ടും ജലനിരപ്പ് ഉയരുന്നത് ആശങ്കയിലായിട്ടുണ്ട്. വീടുകള്‍ തകര്‍ന്നവരും സ്വത്തിനും ജീവനും പ്രതിസന്ധി നേരിട്ടവരുമൊക്കെ അതില്‍നിന്ന് ഇതുവരെ കരകയറിയിട്ടില്ല.
















