തിരുവനന്തപുരം: കന്യാകുമാരി തിക്കുറിശ്ശി ക്ഷേത്ര വിഗ്രഹം കവര്‍ച്ചക്കാരെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനു മുന്നിലുള്ള റോഡിന് സമീപം നിരാഹാര സത്യഗ്രഹം നടത്തി. 12 ശിവക്ഷേത്രങ്ങളില്‍ രണ്ടാമത്തെ ക്ഷേത്രവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന ക്ഷേത്രവുമാണ് തിക്കുറിശ്ശി ശ്രീമഹാദേവ ക്ഷേത്രം.
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 31ന് രാത്രി ക്ഷേത്ര ശ്രീകോവിലിനുള്ളിലെ പൂട്ട് പൊട്ടിച്ച് കള്ളന്മാര്‍ ശീവേലി വിഗ്രഹവും വിഗ്രഹത്തിന്റെ പ്രഭയും സ്വര്‍ണാഭരണങ്ങളും കാണിക്കപണവും കവര്‍ന്നു. അന്ന് മാര്‍ത്താണ്ഡം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അന്വേഷണം സ്‌പെഷ്യല്‍ സ്‌ക്വാഡ് നിര്‍ത്തിവച്ചു.
തമിഴ്‌നാട്ടില്‍ ഉടനീളം നടന്നുവന്ന വിഗ്രഹ കവര്‍ച്ച സംഘങ്ങള്‍ക്ക് ഇതില്‍ പങ്കു ഉണ്ടാകുമെന്നും ഇതിനാല്‍ ആ കേസുകള്‍ അന്വേഷിക്കുന്ന ഐജി പൊന്‍മാണിക്കവേലിന് ഈ അന്വേഷണ ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുമുന്നണി പ്രവര്‍ത്തകരും ഭക്തജനങ്ങളും നിരാഹാര സത്യഗ്രഹം നടത്തിയത്. ഇതില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകരും ഭക്തജനങ്ങളും പങ്കെടുത്തു.
















