മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തനിക്കെതിരായി റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി 24ന് പരിഗണിക്കും.
മുംബൈ ദിന്‍ദോഷി കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കേസില്‍ ഡിഎന്‍എ പരിശോധനയ്‌ക്കായി ബിനോയിയുടെ രക്ത സാമ്പിള്‍ ശേഖരിക്കാനാണ് മുംബൈ പോലീസിന്റെ തീരുമാനം. എന്നാല്‍ ഇന്ന് എഫ്‌ഐആര്‍ തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ ഇന്നും രക്തസാമ്പിള്‍ നല്‍കാന്‍ ബിനോയ് കോടിയേരി തയ്യാറായേക്കില്ല.
കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്ത സാമ്പിള്‍ എടുക്കാനിരിക്കുകയായിരുന്നു. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്‌ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.
















