തിരുവനന്തപുരം: ശക്തമായ പോലീസ് കാവലില്‍ യൂണിവേഴ്സിറ്റി കോളേജ് ഇന്ന് വീണ്ടും തുറന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരാഴ്ചയായി അടച്ചിട്ടിരുന്ന കേളേജിലേയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശനോത്സവം ഒരുക്കിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്. അക്രമരാഷ്ട്രീയത്തിന് അവധി നല്‍കണമെന്ന സന്ദേശമാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.
കോളേജ് ഗേറ്റിന് പുറത്ത് ശക്തമായ കാവലാണ് സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. കോളേജ് കവാടത്തിലും വിവിധ വകുപ്പുകളുടെ മുന്നിലും വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ചേര്‍ന്ന് സ്വീകരിക്കാനാണ് കോളേജ് കൗണ്‍സില്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളെ പുതിയ പ്രിന്‍സിപ്പല്‍ സി സി ബാബു അഭിസംബോധന ചെയ്യും.
സമാധാനപരമായി കോളേജ് നടത്തിക്കൊണ്ട് പോകാന്‍ എല്ലാവരുടെയും സഹായവും സഹകരണവും തേടിയുള്ള അഭ്യര്‍ത്ഥനയാകും പ്രിന്‍സിപ്പല്‍ നടത്തുക. രാവിലെ 9.30 മുതലാണ് കോളേജിലെ പ്രവര്‍ത്തന സമയമെങ്കിലും രാവിലെ നേരത്തെയെത്താന്‍ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് പലരും നേരത്തെ എത്തി. കോളേജ് കവാടത്തിന് പുറത്ത് ഒരു അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് സിഐമാര്‍, 30 പോലീസുകാര്‍ എന്നിവരടങ്ങിയ സംഘമാണ് നിലകൊള്ളുന്നത്.
ഈമാസം 12ന് ഉച്ചയ്ക്ക് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റതോടെയാണ് കോളേജിന് അവധി പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അധ്യാപകരും അനധ്യാപകരും ജോലിക്കെത്തിയിരുന്നു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോളേജ് മുഴുവന്‍ ശുചീകരിക്കുകയും മദ്യക്കുപ്പികളും തോരണങ്ങളും നീക്കം ചെയ്യുകയും ചുവരെഴുത്തുകള്‍ മായ്ക്കുകയും ചെയ്തു.
എസ്എഫ്ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളുടെയും കൊടിതോരണങ്ങളും മാറ്റുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും പലതും നിലനില്‍ക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജിന്റെ കീഴിലായിരുന്ന കോളേജില്‍ 18നാണ് പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചത്. അഖിലിനെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിന്റെ പേരില്‍ മൂന്ന് അനധ്യാപക ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്.
















