കേരളത്തിന്റെ ആരോഗ്യമേഖല വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ, ചെറിയൊരു പകര്‍ച്ചവ്യാധി വന്നാല്‍പോലും സര്‍ക്കാര്‍ പതറുന്ന അവസ്ഥ കാണാന്‍ കഴിയും. ആരോഗ്യമേഖലയില്‍നിന്നും പൊതുസംവിധാനങ്ങള്‍ പിന്‍വാങ്ങുന്നതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ നിരവധിയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പരാതികള്‍ മാത്രമേ നിരത്താനുള്ളൂ. മെഡിക്കല്‍ കോളേജുകളില്‍പോലും മരുന്നും മറ്റ് ചികിത്സാസൗകര്യങ്ങളും ഇല്ലാതാവുന്നു. എല്ലാം ശരിയായ രീതിയിലെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പരാതികള്‍ പെരുകിക്കൊണ്ടിരിക്കുന്നു. മരുന്നുകളുടെ വിലകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കുത്തനെ കുറച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. അതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏര്‍പ്പെടുത്തിയ പങ്കാളിത്ത ചികിത്സാപദ്ധതിയും ചൂഷണത്തിന് വഴിയൊരുക്കിക്കൊടുക്കുകയാണ്. മെഡിസെപ് എന്ന ഓമനപേരിട്ട ആരോഗ്യ പരിരക്ഷാപദ്ധതിയുടെ നടത്തിപ്പ് റിലയന്‍സിനെ ഏല്‍പ്പിച്ചതുതന്നെ കള്ളക്കളിയാണ്. അനവസരങ്ങളില്‍പോലും അമ്പാനിയേയും റിലയന്‍സിനേയും വിവാദത്തിലാക്കുന്ന ഇടതുപക്ഷത്തിന്റെ റിലയന്‍സ് കൂട്ടുകെട്ട് വിചിത്രമെന്നേ പറയേണ്ടൂ.
നിലവില്‍ പദ്ധതിയുടെ നേട്ടം ഇന്‍ഷുറന്‍സ് കമ്പനിക്കു മാത്രമായി മാറില്ലെ എന്ന ശങ്കയാണ് പരക്കെ. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറ്റപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം പിണറായി സര്‍ക്കാര്‍ കണ്ടെത്തിയ പദ്ധതിയാണ് മെഡിസെപ്. സംസ്ഥാനത്തെ 84 സ്വകാര്യ ആശുപത്രികളെയാണ് മെഡിസെപ്പില്‍ ഉള്‍പ്പെടുത്തിയത്.
പട്ടികയില്‍ പ്രധാന ആശുപത്രികള്‍ ഇല്ലെന്നു മാത്രമല്ല എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സാ സൗകര്യങ്ങളും ലഭ്യമല്ല. ചില ആശുപത്രികളില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് മാത്രമാണ് അനുമതി. ഹൃദ്രോഗ ചികിത്സ നടക്കുന്നതിനിടെ മറ്റ് പാര്‍ശ്വരോഗങ്ങള്‍ പിടിപെട്ടാല്‍ ഗുണഭോക്താവ് പണംനല്‍കി ചികിത്സിക്കണം. രോഗനിര്‍ണ്ണയത്തിനുള്ള ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്ത ആശുപത്രികളും പട്ടികയിലുണ്ട്. വിദഗ്ധഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമല്ല. ഓരോ ജില്ലയിലെയും വിവിധ സ്ഥലങ്ങളിലെ ആശുപത്രികളെ തെരഞ്ഞെടുത്തപ്പോള്‍ കിലോമീറ്ററോളം സഞ്ചരിച്ച് വേണം ആശുപത്രിയില്‍ എത്താന്‍. ജീവനക്കാരെയും പെന്‍ഷന്‍കാരെയും വലയ്ക്കുന്ന പട്ടികയാണിത്. മെഡിസെപ്പിന് സര്‍ക്കാര്‍വിഹിതം നല്‍കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും പ്രതിവര്‍ഷം 3000 രൂപ ശമ്പളത്തില്‍നിന്ന് പിടിക്കും.
പെന്‍ഷന്‍കാര്‍ക്ക് വാര്‍ഷിക അലവന്‍സായി നല്‍കിയിരുന്ന 3600 രൂപയില്‍നിന്നും 3000 രൂപ ഇന്‍ഷ്വറന്‍സിലേക്ക് മാറ്റും. ബാക്കിയുള്ള 600 രൂപ അവര്‍ക്ക് നല്‍കില്ല. അഞ്ച് ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്ക് ഇന്‍ഷ്വറന്‍സ് നടപ്പാക്കിയതിലൂടെ മൂന്ന് കോടിയോളം രൂപ സര്‍ക്കാരിന് നേടിയെടുക്കാനായി. ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റിനു എല്ലാവര്‍ഷവും സര്‍ക്കാര്‍ മാറ്റിവയ്ക്കുന്ന 235 കോടിരൂപയും പദ്ധതി നടപ്പിലാക്കിയതോടെ ഒഴിവാക്കി. ഒരുവീട്ടില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരും ഒരു പെന്‍ഷണറും ഉണ്ടെങ്കില്‍ എല്ലാവരും പ്രത്യേകം പദ്ധതിയില്‍ അംഗമാകണം. മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ ആറ് ലക്ഷം രൂപവരെയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ. ചികിത്സാചെലവ് ഇനത്തില്‍ ഒരുവര്‍ഷം കൊണ്ട് ആറ് ലക്ഷം രൂപ വിനിയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ രണ്ടുവര്‍ഷത്തേക്ക് പരിരക്ഷ ലഭിക്കില്ല.
1200 രൂപയാണ് കേന്ദ്രത്തിന്റെ ആയുഷ്മാന്‍ പദ്ധതിയുടെ പ്രീമിയം. ഇതില്‍ അറുപത് ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബാക്കി സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും വഹിക്കണം. സംസ്ഥാനത്ത് 340 ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കും. മെഡിസെപില്‍ കേരളത്തിലെ പ്രമുഖ ആശുപത്രികളായ ശ്രീചിത്ര മെഡിക്കല്‍ സെന്ററോ ആര്‍സിസിയോ ഉള്‍പ്പെട്ടിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയോട് അയിത്തം കാണിക്കുന്ന പിണറായി സര്‍ക്കാര്‍ ജീവനക്കാരേയും പെന്‍ഷന്‍കാരേയും വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: