തൃശൂര്‍: അത്യപൂര്‍വ്വമായാണ് മലയാള സിനിമയുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നത്. അതും ഇന്ത്യന്‍ സിനിമയുടെ എക്കാലത്തേയും പ്രഗത്ഭ സംവിധായകന്‍ കെ.എസ്.സേതുമാധവനെ ആദരിക്കാന്‍. അവസരം ഒരുക്കിയതാകട്ടെ ജന്മഭൂമിയുടെ പുരസ്‌കാര രാവും.
ജന്മഭൂമിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമര്‍പ്പിക്കാന്‍ ഇരുവരും വേദിയിലെത്തിയതോടെ ആരാധകരും ആവേശത്തിലായി. ഇരുവരും സംവിധായക കുലപതിയുടെ കാല്‍തൊട്ടുവന്ദിച്ചു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘അവിടുത്തെപ്പോലെ ഇവിടെയും’ സംവിധാനം ചെയ്തത് സേതുമാധവനമായിരുന്നു. മാത്രമല്ല മമ്മൂട്ടി ആദ്യമായി ക്യാമറയ്‌ക്ക് മുന്നില്‍ എത്തിയത് സേതുമാധവന്റെ ‘അനുഭവങ്ങള്‍ പാളിച്ചയിലു’മാണ്. ഇരുവരും അല്‍പ്പനേരം സംവിധായകന്റെ പഴയ അനുസരണയുള്ള നടന്മാരായി. ശേഷം ഇരുവരും ചേര്‍ന്ന് സേതുമാധവനെ പൊന്നാടയണിയണിയിച്ച് ആദരിച്ചു. ഇരുവരും ചേര്‍ന്ന് പുരസ്‌കാരവും സമ്മാനിച്ചു.
മറ്റൊരപൂര്‍വ്വതയ്‌ക്കു കൂടി പുരസ്‌കാര വേദി സാക്ഷിയായി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാന്‍സുകാര്‍ ഒരുമിച്ച് വേദിയിലെത്തി. സൂപ്പര്‍താരങ്ങള്‍ക്ക് അവരൊരുക്കിയത് സൂപ്പര്‍ സസ്പെന്‍സ്. ആര്‍പ്പുവിളികളോടെ രണ്ട് ഫാന്‍സ് ടീമും ചേര്‍ന്ന് പടുകൂറ്റന്‍ റോസാപ്പൂഹാരവുമായി വേദിയിലെത്തി. ഇരുവരെയും ഒരുഹാരത്തിനുള്ളിലാക്കിയതോടെ സദസ് ഹര്‍ഷാരവത്തോടെ ഇളകിമറിഞ്ഞു. ഇരുവരും ഒന്നിച്ച് ഒരുഹാരത്തിനുള്ളില്‍ നില്‍കുന്ന അത്യപൂര്‍വ്വ നിമിഷത്തെ കണ്‍കുളിര്‍ക്കെക്കാണുകയായിരുന്നു പുരസ്‌കാര സമര്‍പ്പണത്തിനെത്തിയ പ്രേക്ഷകര്‍.
















