തൃശൂര്‍: ജന്മഭൂമിയുടെ അവാര്‍ഡ് രണ്ടാമത്തെ തവണയാണ് ലഭിക്കുന്നത്. ഈ അവാര്‍ഡ് പല കാരണങ്ങള്‍ കൊണ്ടും തനിക്ക് പ്രിയപ്പെട്ടതാണെന്ന് മെഗാസ്റ്റാര്‍ മോഹന്‍ലാല്‍. മികച്ച നടനുള്ള ലെജന്റ്സ് ഓഫ് കേരള അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടേയും സിനിമയുടേയും കുലപതികളായ അക്കിത്തവും കെ.എസ്. സേതുമാധവനും അംഗീകരിക്കപ്പെട്ട വടക്കുന്നാഥന്റെ മണ്ണിലെ വേദിയില്‍ വെച്ച് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നെയും ചിത്രങ്ങളേയും എന്നും സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള തൃശൂരുകാരോട് എന്നും സ്നേഹമുണ്ട്. കലയേയും സംസ്കൃതിയേയും പ്രോത്സാഹിപ്പിക്കുന്നതിന് ജന്മഭൂമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലുതാണ്. ഇത് സമൂഹത്തിന് വലിയ ഊര്‍ജ്ജം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാവ് നഷ്ടപ്പെട്ട സമൂഹത്തിന്റെ നാവാണ് ജന്മഭൂമിയെന്ന് മഹാകവി അക്കിത്തം. ജന്മഭൂമിയെ പറ്റി ആലോചിക്കുമ്പോള്‍ നിസ്വാര്‍ത്ഥരായ കുറെ പ്രചാരകന്മാരെയാണ് ഓര്‍മ്മ വരുന്നത്. പത്ത് വര്‍ഷമായി ഒന്നും എഴുതാതിരുന്ന തന്നെ എല്ലാവരും മറക്കേണ്ടതാണ്. എന്നാല്‍ തന്നെ ഓര്‍ത്തെടുത്ത് പുരസ്കരിക്കുകയാണ് ജന്മഭൂമി ചെയ്തത്. ഇത് ജന്മഭൂമി വിഭാവനം ചെയ്യുന്ന സംസ്കാരത്തിന്റെയും ഗുരുത്വത്തിന്റേയും ലക്ഷണമാണ്. ജന്മഭൂമിക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
















