കൊച്ചി: അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബ്രാഹ്മണ സമുദായം കൂട്ടായി ശബ്ദമുയര്‍ത്തേണ്ട സമയമായെന്ന് ജസ്റ്റിസ്.വി. ചിദംബരേഷ്. സാമ്പത്തിക സംവരണത്തിനായി സമുദായം ശബ്ദമുയര്‍ത്തണം. ജാതി സംവരണം ബ്രാഹ്മണ സമുദായത്തോട് ചെയ്യുന്ന അനീതിയാണ്. പിന്നാക്ക സമുദായാംഗങ്ങള്‍ക്ക് ലഭിക്കുന്ന 10 ശതമാനം സംവരണം പാചകക്കാരനായ ബ്രാഹ്മണന്റെ മക്കള്‍ സംവരണത്തിന് അര്‍ഹരല്ല എന്നത് ഇത്തരം അനീതിക്ക് ഉദാഹരണമാണ്.
ബ്രാഹ്മണ സമുദായത്തെ പാര്‍ശ്വവത്ക്കരിക്കാന്‍ അനുവദിക്കരുത്. ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് മുതിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു. തമിഴ് ബ്രാഹ്മണരുടെ വിശ്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചിദംബരേഷ്.
എല്ലാ സദ്ഗുണങ്ങളും ഒത്തുചേരുന്നതാണ് ബ്രാഹ്മണ ജന്മം. ബ്രാഹ്മണര്‍ക്ക് വര്‍ഗീയ വാദികളാകാന്‍ കഴിയില്ല. അവര്‍ അഹിംസാവാദികളാണെന്നും ചിദംബരേഷ് പറഞ്ഞു. ബ്രാഹ്മണ സമൂഹം ശക്തമായ വോട്ട് ബാങ്കായി മാറണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന് പറഞ്ഞു. ജുഡീഷ്യറിയിലും ബ്യൂറോക്രസിയിലുമെല്ലാം ബ്രാഹ്മണര്‍ പിന്തള്ളപ്പെടുകയാണ്. ബ്രാഹ്മണരുടെ മഹത്തായ പാരമ്പര്യവും സംസ്കാരവും വിസ്മരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്രാസ് ഹൈക്കോര്‍ട്ടിലെ മുതിര്‍ന്ന അഭിഭാഷകന് ടി.ആര്. രാജഗോപാല്‍ ആശംസയര്‍പ്പിച്ചു. ഗ്ലോബല്‍ മീറ്റ് ചെയര്മാന് ജെ. സുബ്രഹ്മണി സ്വാഗതവും കേരള ബ്രാഹ്മണ സഭ ജനറല്‍ സെക്രട്ടറി എന്‍.വി. ശിവരാമകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: