തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ ബിജെപി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. നടത്തിപ്പ് ഏറ്റെടുക്കാനായി ടിയാല്‍ കമ്പനി രൂപീകരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി എംപിയും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ കണ്ടത്.
എയര്‍പോര്‍ട്ട് ബിഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയെങ്കിലും സംസ്ഥാനത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. തിരുവനന്തപുരം വിമാനത്താവള വികസനം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിമാനത്താവളം ഏറ്റെടുക്കാന്‍ ശഠിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വേണ്ടിയാണ്.
വിമാനത്താവള വികസനം പ്രാദേശിക ഏജന്‍സികള്‍ക്ക് നല്കി തിരുവനന്തപുരം വിമാനത്താവളത്തെ സിയാലിന്റെയും (CIAL) കിയാലിന്റെയും (KIAL) ഫീഡര്‍ സെന്റര്‍ ആകാനാണ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നത്. കേരള സര്‍ക്കാരിന്റെ വികസന മോഡലിന്റെ ഫലമായി കണ്ണൂര്‍ വിമാനത്താവളം മാഫിയ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടു കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ച താഴോട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കത്തിന് പിന്നിലുള്ള ഗൂഢലക്ഷ്യവും തിരുവനന്തപുരത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെ ഉത്കണ്ഠയും ഈകാര്യത്തിലുള്ള ആശങ്കയും മന്ത്രിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചു.
അവേക് ട്രിവാന്‍ഡ്രം , ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് യൂസേഴ്സ് ഗ്രൂപ്പ് തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠന റിപ്പോര്‍ട്ടും സര്‍വേയും വ്യോമയാന മന്ത്രിക്കു നിവേദനത്തിനോടൊപ്പം നല്കി. തിരുവനന്തപുരം വിമാനത്താവളത്തിന് ഉതകുന്ന രീതിയിലുള്ള വികസനമാണ് കേന്ദ്ര സര്‍ക്കാരിന് താല്പര്യം അതിനു വേണ്ടുന്ന എല്ലാ നടപടികളും സ്വീകരിക്കാമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പൂരി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സുരേഷ് വ്യക്തമാക്കി.
















