പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തുള്ള പ്രൈവറ്റ് ബസ്റ്റാന്‍ഡ് ഒറ്റമഴയ്ക്ക് കുളമായി. ആറന്മുള എംഎല്‍എ വീണ ജോര്‍ജിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പത്തനംതിട്ടയിലെ പ്രൈവറ്റ് ബസ്റ്റാന്‍ഡ്. ഒരു ചെറിയ മഴ പെയ്താല്‍ പോലും ബസ്സ്റ്റാന്റിന്റെ അവസ്ഥ പരിതാപകരമാണ്. ചെളിയില്‍ ചവിട്ടാതെ യാത്രക്കാര്‍ക്ക് ബസുകളില്‍ കയറാന്‍ സാധിക്കാത്ത സ്ഥിതിയാണ് പത്തനംതിട്ട സ്റ്റാന്‍ഡിലുള്ളത്. പലരും ചെളിയില്‍ തെന്നി വീഴുന്നതും പതിവാണ്. യാത്രക്കാര്‍ ബസ്റ്റാന്‍ഡിനെ പറ്റി നിരന്തരം പരാതി ഉന്നയിച്ചിട്ടും എംഎല്‍എയും നഗരസഭയും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
നഗരസഭയുടെ കീഴിലാണ് സ്റ്റാന്‍ഡ് അതിനാല്‍ തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് വീണയുടെ ന്യായീകരണം. വെള്ളക്കെട്ടിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ കുറച്ച് മെറ്റല്‍ കൊണ്ടുവന്നിടുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. രണ്ടും മൂന്നും ടെര്‍മിനലുകളില്‍ വെള്ളകെട്ടുകള്‍ ഉണ്ടെങ്കിലും കെ.എസ്.ആര്.ടി.സി. ഉപയോഗിക്കുന്ന ഒന്നാം സ്റ്റാന്‍ഡാണ് ഏറ്റവും മോശം.
ദിനംപ്രതി 250ലധികം ബസുകളാണ് സ്റ്റാന്‍ഡില്‍ വന്നുപോകുന്നത്. ഇവയെല്ലാകൂടി ആയിരത്തിലധികം ട്രിപ്പുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു. കെ.എസ്.ആര്.ടി.സി. 84 ബസുകള്‍ ഇവിടെനിന്ന് മാത്രം സര്‍വീസ് നടത്തുന്നു. മറ്റിടങ്ങളില്‍നിന്ന് വന്നുപോകുന്നതും അത്ര വരും. ഇത് മാത്രം 300 ട്രിപ്പുകളെങ്കിലും കാണും. ഇത്രയും ബസുകള്‍ വന്നുപോകുന്ന സ്റ്റാന്‍ഡിന് അത് താങ്ങാനുള്ള ഉറപ്പില്ല. 11.80 ലക്ഷം രൂപയ്ക്കാണ് പ്രൈവറ്റ് സ്റ്റാന്‍ഡ് ലേലത്തില്‍ പോയിരിക്കുന്നത്.
വയല്‍ നികത്തി നിര്‍മ്മിച്ച പത്തനംതിട്ട സ്റ്റാന്‍ഡിനായി പൈലിങ് നടത്തിയിരുന്നില്ല. മണ്ണ് പരിശോധന പോലും നടത്താതെയാണ് പാടം നികത്തിയത് സ്റ്റാന്‍ഡ് പണിതത്. കഴിഞ്ഞ വര്‍ഷം സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയ യുവമോര്‍ച്ച പ്രവര്ത്തകനനായ സൂരജ് ഇലന്തൂരിനെ വീണ ജോര്‍ജ് എംഎല്‍എ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യായീകരണവുമായി വീണ രംഗത്തെത്തി. എന്നാല്‍, വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ബസ് സ്റ്റാന്‍ഡ് നന്നാക്കാനായി ഒരു ശ്രമവും ആറന്മുള എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
















