ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഖമാജ് ദാട്ടുമായി ചേര്‍ന്നുനില്‍ക്കുന്ന രാഗമാണ് ജോഗ്. ചിലപ്പോഴൊക്കെ കാഫിദാട്ടുമായി ബന്ധം തോന്നാം. പണ്ഡിതന്മാര്ക്കിടയില് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. അതെന്തായാലും ജോഗ് അസ്തിത്വമുള്ള സ്വതന്ത്രരാഗമാണ്. പ്രസിദ്ധമായ നിരവധി ഭജനുകള്‍, ഗസലുകള്‍, ബാന്ദിഷുകള്, ഖയാലുകള്‍ ഈ രാഗത്തിലുണ്ട്. സാജന് മോരേ ഘര്‍ ആയേ…, തുമ് ബിന്‍… എന്നീ ബാന്ദിഷുകളും ഹരിഹരന് പാടിയ ‘ധാഗ് ദുനിയാ,,,,,,’ ‘യഹ്ദി മസ്തീഹേ ലോക് കെഹ്തീഹെ…’ എന്നീ ഗസലുകളും പ്രസിദ്ധങ്ങളാണ്. ജനപ്രിയവും, മൃദുവായ മെലഡി നിറഞ്ഞതുമായതിനാല്‍ സിനിമാസംഗീത്തില് ഈ രാഗം ധാരാളം ഉപയോഗിച്ചുവരുന്നു.
കര്‍ണാടക സംഗീതത്തിലെ നാട്ടരാഗത്തിന് ജോഗുമായി സാമ്യങ്ങളുണ്ട്.~അര്‍ദ്ധരാത്രിയാണ് ജോഗ് ഏറ്റവും കൂടുല്‍ ശോഭിക്കുന്നത്. രിഷഭം, ധൈവതം എന്നീ സ്വരങ്ങള്‍ ഈ രാഗത്തില്‍ വരുന്നില്ല. ആരോഹണത്തില്‍ സാധാരണ ഗാന്ധാരവും, അവരോഹണത്തില് അന്തര ഗാന്ധാരവും ഒരുമിച്ച് വരുന്നതാണ് ഇതിന്റെ സൗന്ദര്യം. (ആരോഹണ അവരോഹണക്രമത്തില്‍ സ ഗ1 മ1 പ നി1 സ – സ നി പ മ ഗ2 മ ഗ1 സ.)
മലയാളികള്‍ ജോഗ്രാഗം പരിചയപ്പെടുന്നത് പ്രതിഭാധനനായ സംഗീതജ്ഞന് എം.ബി ശ്രീനിവാസനിലൂടെയാണ്. 1969-ല്‍ നഴ്സ് എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് യേശുദാസ് പാടിയ ഹരിനാമകീര്‍ത്തനം പാടാനുണരും അരയാല്‍ക്കുരുവികളേ… ഈ രാഗത്തിലാണ് കമ്പോസ് ചെയ്തിരിക്കുന്നത്. അതിനുശേഷം ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ ശ്രീനഗരത്തിലെ ചിത്രവനത്തിലെ…(നിലയ്ക്കാത്ത ചലനങ്ങള്‍), കാമിനീ കാവ്യ മോഹിനീ…(പുനര്ജന്മം) എന്നീ വയലാര്‍ ഗാനങ്ങളും ഹിറ്റായി. ചടുലമായ ഈ ഗാനത്തില്‍ ഋജുവായ നോട്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ജോഗിന്റെ സമസ്ത തലങ്ങളും ആവിഷ്കരിച്ചിരിക്കുന്നത് 1975-ല്‍ പുറത്തിറങ്ങിയ ഭരതന്-പത്മരാജന് ടീമിന്റെ പ്രയാണം എന്ന ആദ്യ ചിത്രത്തില്‍, എം.ബി ശ്രീനിവാസന് സംവിധാനം ചെയ്ത മൗനങ്ങള്‍ പാടുകയായിരുന്നൂ… എന്ന ഗാനത്തിലാണ്. മൗനത്തിന്റെ വിരാമത്തില്‍ ഉച്ചസ്ഥായിയില്‍നിന്ന് അണപൊട്ടിയൊഴുകുന്ന ഒരു നദികണക്കെ, ചിലപ്പോള്‍ അലതല്ലിയും ശാന്തമായും പാശ്ചാത്യ- പൗരസ്ത്യ തീരങ്ങളെ നനച്ചൊഴുകുകയാണ് ഇവിടെ ജോഗ് നദി. വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന നിന്നന്തരംഗത്തിന്‍ മടിയില്‍, എന്റെ മോഹങ്ങള്‍ക്ക് വിശ്രമിക്കാന്‍… എന്ന അനുപല്ലവി ചാരുകേശി രാഗവും കലര്‍ന്ന ഒരു രാഗമാലികയാണ്. യേശുദാസിന്റെയും എസ്.ജാനകിയുടെയും ഭാവതീവ്രമായ ഹമ്മിങ് ആലാപനംകൊണ്ടും കോറല്‍ ഹാര്‍മണികള്‍ കൊണ്ടും സമ്പന്നമാണ് ഈ ഗാനം. എം.കെ അര്ജുനന് പിക്പോക്കറ്റ് എന്ന ചിത്രത്തില്‍ ഈണമിട്ട കണ്മുനയില് പുഷ്പശരം… എന്ന ഗാനം 1976-ലെ മറ്റൊരു ജനസമ്മതിയാര്‍ജിച്ച ഗാനമായിരുന്നു.
ജോഗില്‍ കാവ്യഗുണമുള്ള പാട്ടുകള്‍ ചെയ്യുമ്പോള്‍ വരികളിലെ ഭാവം ഗൗരവത്തോടെ ജ്വലിപ്പിക്കാന്‍ കഴിയുന്നു. അവ ഇന്നും ക്ലാസിക്കുകളായി നിലനില്ക്കുന്നു. 1981-ല്‍ കാവാലം നാരായണ പണിക്കര്‍ സുന്ദരപദാവലികളില് രചിച്ച കാന്തമൃദുല സ്മേര മധുമയലഹരികളില്… എന്ന ഗാനത്തില്‍ എം.ബി.ശ്രീനിവാസന് പ്രേമഭാവത്തിന്റെ മാധുര്യം ലളിതമായി സന്നിവേശിപ്പിച്ചിരിക്കുന്നു.
തമിഴ്നാട്ടുകാരനെങ്കിലും മലയാള ഭാഷയോട് നിറഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തിയ ഒരു പൊയറ്റിക് കമ്പോസറാണ് എംബിഎസ്. 1983-ല്‍ പരസ്പരം എന്ന ചിത്രത്തില്‍ ഒഎന്‍വിയുടെ രചനയില്‍, ‘നിറങ്ങള്‍തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ, മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ… എന്ന ഗാനം ഒരിക്കലെങ്കിലും കേട്ടുകഴിഞ്ഞാല്‍ ദിവസങ്ങളോളം നമ്മുടെ മനസ്സിനെ പിന്തുടരുന്ന ഈണമാണ്. ഹൃദയദ്രവീകരണ ശക്തിയുള്ള ഈ പാട്ടില്‍ ജോഗ് രാഗത്തിന്റെ ആര്‍ദ്രത മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. ‘മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ…’ എന്നത് കഴിഞ്ഞു വരുന്ന ഫ്ളൂട്ട് ബിറ്റിന്റെ ആവര്‍ത്തനം നമ്മുടെ മസ്തിഷ്കത്തില്‍ മുദ്രണം ചെയ്യപ്പെടുന്നു. പാട്ടുതീര്‍ന്നാലും ശോകസാന്ദ്രമായ മൂളല്‍ അവശേഷിക്കുന്നു. ആരതി എന്ന ചിത്രത്തില്‍ എസ്. ജാനകിയുടെ ശബ്ദത്തില്‍, കൗമാര സ്വപ്നങ്ങള്‍ പീലി വിടര്‍ത്തിയ മാനസ തീരങ്ങളില്‍… എന്ന ഗാനത്തില്‍ എംബിഎസ് ഇതുപോലെ ഒരു പരീക്ഷണം നടത്തിയിട്ടണ്ട് (ജോഗ് രാഗമല്ല). പാശ്ചാത്യ സംഗീതാചാര്യനായ ജോഹാന്‍ സെബാസ്റ്റ്യന്‍ ബാക്കിന്റെ ‘കോണ്ട്രാപങ്ചസ്’ എന്ന സിംഫണിയില്‍ ഇത്തരം ഹോണ്ട് ചെയ്യുന്ന ആവര്‍ത്തനങ്ങള്‍ കേള്‍ക്കാം.
ജോഗ് ഛായയുള്ള മറ്റൊരു ഗാനം വരുന്നത് 1980-ല്‍ ശേഷം കാഴ്ചയില്‍ എന്ന ചിത്രത്തില്‍, മോഹം കൊണ്ടുഞാന്‍… എന്നതാണ്. വെറും അഞ്ച് മിനുട്ടുകൊണ്ടാണ് ആ ഗാനത്തിന്റെ പിറവി. ജയചന്ദ്രനും ജാനകിയും ഈ ഗാനം പ്രത്യേകം പാടിയിട്ടുണ്ട്. ന്യൂ ജനറേഷന് കാലത്തും പല ബാന്റുകളും ഈ ഗാനത്തിന്റെ പല വേര്‍ഷനുകളും തിരിച്ചുകൊണ്ടുവന്നിരിക്കുന്നു എന്നത് ജോണ്സണ് സംഗീതത്തിന്റെ സമകാലികതയാണ്. ഇതിന്റെ പശ്ചാത്തലത്തിലെ വിവിധ ഭാവതലങ്ങള്‍ വല്ലാത്തൊരു മൂഡിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകും. സ്വര്‍ണ്ണ ദലകോടികള് മുദ്രകളാക്കിയ… (മഞ്ഞുകാലവും കഴിഞ്ഞ്) എന്ന ഗാനം തികച്ചും കര്‍ണ്ണാടിക് ശൈലിയിലാണ് ചെയ്തിരിക്കുന്നത്.
രവീന്ദ്രന് മാസ്റ്ററാണ് ജോഗിനെ പോപ്പുലറാക്കിയത്. ഒരു മെയ്മാസപ്പുലരി എന്ന ചിത്രത്തില്‍ ഇരുഹൃദയങ്ങളൊന്നായ് വീശി നവ്യസുഗന്ധങ്ങള്‍… എന്ന പി.ഭാസ്കരന് മാഷിന്റെ വരികളെ ജോഗ് രാഗത്തിന്റെ പട്ടുടയാട അണിയിച്ചിരിക്കുകയാണ് രവീന്ദ്രന് മാഷ്.
ജോഗ് രാഗത്തിന്റെ പ്രശസ്തി ഏറ്റവും ഉന്നതിയിലെത്തുന്നത് കൈതപ്രത്തിന്റെ രചനയിലുള്ള പ്രമദവനം വീണ്ടും ഋതുരാഗം ചൂടി… എന്ന ഗാനത്തിലാണ്. മൂന്നു സ്ഥായികളിലും ഒഴുകുന്ന ഈ ഗാനം യേശുദാസിന്റേയും രവീന്ദ്രന്റെയും സംഗീതജീവിതത്തിലെ വഴിത്തിരിവാണ്. യേശുദാസിന്റെ മിക്ക പരിപാടികളുടെയും തീം മ്യൂസിക് ആയി ഇന്നും ഉപയോഗിക്കുന്ന ഈ രണ്ടു ഗാനങ്ങളും മന്ദ്രസ്ഥായിയിലാണ് ആരംഭം.
മഴ എന്ന ലെനിന് രാജേന്ദ്രന് ചിത്രത്തിലെ വാര്‍മുകിലേ… എന്ന ഒഎന്‍വി ഗാനം മദ്ധ്യസ്ഥായിയില്‍ തുടങ്ങുന്നു. പണ്ടുനിന്നെ കണ്ട നാളില്‍ പീലിനീര്‍ത്തി മാനസം… എന്ന വരിയിലെ ‘മാനസം’ എന്ന വാക്കില്‍ ഒരു രവീന്ദ്രന് മാജിക് കേള്‍ക്കാം. പാട്ടിന്റെ സിറ്റ്വേഷനില്‍ സ്വരച്ചേര്‍ച്ചയില്ലാത്ത ദാമ്പത്യജീവിത്തിലെ ഒരു രംഗമാണ് ആവിഷ്കരിക്കുന്നത്. പാട്ടിന്റെ അവസാനം നാടകീയമായ മൂഹൂര്‍ത്തങ്ങളില്‍ അവസാനിക്കുന്നു. ചിത്ര പാടിയ പാട്ടുകളില്‍ ആദ്യ നിരയിലാണ് ഈ പാട്ടിന്റെ സ്ഥാനം. പിന്നീട് രവീന്ദ്രന് ജോഗില്‍ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഒരുകിളിപ്പാട്ടുമൂളവേ… (വടക്കുംനാഥന്), കടലറിയില്ല… (കണ്ണൂര്‍), ഇല്ലിക്കാടും ചെല്ലക്കാറ്റും… ഋതുമതിയായ് തെളിമാനം…(മഴനിലാവ്) ഇവയില്‍ ചിലതാണ്. മലരും കിളിയും ഒരു കുടുംബം… (ആട്ടക്കലാശം) ഒരു ചില്‍ഡ്രന്‍ സോങ് ആണ്.
മധുരനൊമ്പരക്കാറ്റിലെ ശ്രുതിയമ്മ ലയമച്ഛന്‍ മകളുടെ പേരോ സംഗീതം… എന്ന ഗാനത്തില്‍ വിദ്യാസാഗര്‍ പാടാന്‍ വിളിച്ചിരിക്കുന്നത് ജോഗ്മാസ്റ്ററായ രവീന്ദ്രനെ തന്നെയാണ്. രവീന്ദ്രന് മാഷിന്റെ പത്താം ചരമ വാര്‍ഷികത്തിന് ബ്രാഗ് ടീം ബാന്റ് രവീന്ദ്രന് മാസ്റ്ററുടെ ജോഗ് ഗാനങ്ങളുടെ ഫ്യൂഷന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു.
1990-ല്‍ പുറത്തിറങ്ങിയ അയിത്തം എന്ന ചിത്രത്തില്‍ എം.ജി. രാധാകൃഷ്ണന് സംഗീതം നല്കിയ ഗാനമാണ് ഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലാമൊതുക്കി നീ വിടപറയൂ, ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു… എന്ന ഗാനം. ഈ ഗാനത്തില്‍ ഒഎന്‍വി വരച്ചിടുന്ന സന്ധ്യയും വസന്തത്തിന്റെ വേര്‍പിരിയലും ആവിഷ്കരിക്കാന്‍ തെരഞ്ഞെടുത്തത് ജോഗ് ആണ്.
പി.ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗര്‍ഷോമില്‍ (1999) റഫീഖ് അഹമ്മദിന്റെ രചനയില്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ രമേഷ് നാരായണന് ഈണം നല്കിയ പറയാന്‍ മറന്ന പരിഭവങ്ങള്‍… എന്ന ഹരിഹരന്റെ ഭാവലയ പൂര്‍ണ്ണമായ ആലാപനം മൂന്ന് സ്ഥായിയില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ അനുഭവിപ്പിക്കുന്നു. റിയാലിറ്റി ഷോകളില്‍ കഴിവുതെളിയിക്കാന്‍ മത്സരാര്‍ത്ഥികള്‍ ഈ ഗസല്ഗാനത്തെ ഉപയോഗപ്പെടുത്തുന്നു. എം.ബി. ശ്രീനിവാസനുശേഷം ജോഗ് രാഗത്തിന്റെ സമഗ്രത ആവിഷ്കരിച്ച ഒരു ഗാനമാണിത്.
ഉടയോന് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഔസേപ്പച്ചന് ചിട്ടപ്പെടുത്തി മധുബാലകൃഷ്ണന്റെ ശബ്ദത്തില്‍ തിരുവരങ്ങില്‍ നടനമാടി… എന്ന ഗാനം ജോഗിന്റെ മറ്റൊരു മുഖമാണ്. എസ്.പി.വെങ്കിടേഷ് പൊന്മേഘമേ ശലഭങ്ങളേ (സോപാനം)എന്ന ഗാനം പ്ലെയ്ന്‍ നോട്ടുകള്‍ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.
എ.ആര്. റഹ്മാന് ദില്‍സെ എന്ന ചിത്രത്തില്‍ ഒരുക്കിയ ദില്‍സേരേ…, ലഗാനിലെ ചലേ ചലോ…, മീനാക്ഷി എ ടെയ്ല് ഓഫ് 3 സിറ്റീസിലെ നൂര്‍ ഉന്‍ അള്ളാ… എന്നീ ഗാനങ്ങള്‍ ജോഗിനെ പ്രത്യേക താളക്കൊഴുപ്പില്‍ വൈവിദ്ധ്യമാര്‍ന്ന രീതിയില്‍ ആവിഷ്കരിക്കുന്നു.
കവിതൈ കേളുങ്കള്‍… (പുന്നകൈ മന്നന്-വാണിജയറാം), മെട്രി ഒളി കാറ്റോട്… (മെട്ടി), പനി വിഴും മലര് വനം… (നിനവെല്ലാം നിത്യ), പെയ്ഗാലെ നമ്പാതെ… (മഹാനദി), ഒരുപട്ടാംപൂച്ചി…. (കാതലുക്ക് മര്യാദൈ-യേശുദാസ്) എന്നീ ചടുലമായ ഗാനങ്ങളില്‍ ഇളയരാജ പാശ്ചാത്യ ശൈലി മിശ്രണങ്ങളിലൂടെ ജോഗില്‍ പുതുമയുള്ള പരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നു.
പ്രേമം, വിരഹം, ദുഃഖം എന്നീ ഭാവങ്ങളാണ് ജോഗിന് കൂടുതല്‍ യോജിക്കുന്നത്. പാബ്ലോ നെരൂദയുടെ ‘ടു നൈറ്റ് ഐ ക്യാന്‍ റൈറ്റ് ദി സാഡെസ്റ്റ് ലൈന്‍സ്’ എന്ന പ്രണയകാവ്യം ബാലചന്ദ്രന് ചുള്ളിക്കാട് പരിഭാഷപ്പെടുത്തിയ ‘കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍…’ എന്ന കവിതയിലെ വികാരതലങ്ങള്‍ ജോഗ് വല്ലാതെ അനുഭവിപ്പിക്കുന്നു.
സ്വകാര്യം പറയാനായിട്ടെനിക്കൊരു സ്വര്ണക്കമ്മലണിഞ്ഞ…, മയില്‍പീലി ഞാന്‍ തരാം മറക്കാതിരിക്കാന്‍…, നീലരാവിന്‍ ജാലകവാതിലില്‍… എന്നീ ലളിതഗാനങ്ങളിലൂടെ യുവജനോത്സവ വേദികളില്‍ ജോഗിന്റെ ലാളിത്യം മുഴങ്ങിക്കേട്ടതാണ്. സിനിമാ സംഗീതത്തില്‍ രാഗനിര്‍ണ്ണയം കൃത്യമല്ലെങ്കിലും ജോഗ് ഭാവം ആധാരമായി പാട്ടുകളില്‍ നിറഞ്ഞു നില്ക്കുന്നു. എല്ലാ സംഗീതജ്ഞരും ഈ രാഗത്തിന്റെ മാന്ത്രിക വലയത്തില്‍ ആകൃഷ്ടരായിട്ടുണ്ട്. അവര്‍ മലയാള ചലച്ചിത്ര സംഗീതത്തില്‍ ജോഗിന്റെ ഒരു വസന്തകാലംതന്നെ സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: