പാലക്കാട് : ഒറ്റപ്പാലം നഗരസഭയിലെ മോഷണവുമായി ബന്ധപ്പെട്ട് സിപിഐഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത എസ്ഐക്ക് സ്ഥലം മാറ്റി. എസ്ഐ വിപിന്‍ കെ. വേണുഗോപാലിനെയാണ് രാഷ്ട്രീയ ഇടപെടലില്‍ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. ഇദ്ദേഹത്തോട് ജില്ലാ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നഗരസഭ കൗണ്‍സിലര്‍ ബി. സുജാതയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ തന്നെ എസ്ഐക്ക് സ്ഥലം മാറ്റ ഉത്തരവ് അയയ്ക്കുകയായിരുന്നു.
മോഷണ കേസില്‍ പ്രതിയായതോടെ പിന്നാലെ സുജാതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ജൂണ്‍ ഇരുപതിനായിരുന്നു ഒറ്റപ്പാലം നഗരസഭയിലെ സിപിഐഎം കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ലതയുടെ ബാഗില്‍നിന്നും 38,000 രൂപ മോഷണം പോയതോടെയാണ് ഈ സംഭവങ്ങളിലേക്കെല്ലാം വഴിവെച്ചത്.
ഇതുസംബന്ധിച്ച് പരാതിപ്പെട്ടതോടെ പോലീസ് സ്ഥലതെത്തി അന്വേഷിക്കുകയും നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സണായ സുജാതയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ പോലീസ് ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഉള്‍പ്പെട്ടത് അറിഞ്ഞതോടെ സുജാതയെ പാര്‍ട്ടിയില്‍ നിന്നും പുറാത്തക്കണമെന്ന ലോക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ പാലക്കാട് ജില്ലാ കമ്മറ്റി അംഗീകാരം നല്‍കുകയായിരുന്നു.
















