തിരുവനന്തപുരം: മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ കേരളത്തിലെ ക്യാമ്പസുകളില്‍ ആക്രമണത്തിലൂടെയും ഭീഷണിയിലൂടെയും അധികാരം നിലനിര്‍ത്തിയപ്പോള്‍ എസ്എഫ്ഐക്കെതിരെ എംജി കോളേജില്‍ ശബ്ദം ഉയര്‍ത്തിയ എബിവിപിക്കാരെ കുത്തിവീഴ്ത്തിയത് ചരിത്രം. എബിവിപിക്കാരനായ പാല്‍ക്കുളങ്ങര ഗോപകുമാറിന്റെ ശരീരത്തില്‍ അന്നേറ്റത് കൈവഴക്കത്തോടെയുള്ള കഠാരയുടെ മൂന്ന് കുത്ത്. അന്ന് എസ്എഫ്ഐക്കാര്‍ എബിവിപിക്കാരെയാണ് കുത്തിയതെങ്കില്‍ ഇന്ന് യൂണിവേഴ്സിറ്റി കോളേജിലെ സ്വന്തം പാര്ട്ടിക്കാര് തന്നെയാണ് കഠാരയുടെ മൂര്‍ച്ച നുണഞ്ഞത്.
1979ല്‍ എസ്എഫ്ഐയുടെ ആധിപത്യത്തില്‍ ഗുണ്ടകള്‍ എംജി കോളേജിനെ അടക്കിഭരിച്ചിരുന്ന കാലം. മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് കോളേജില്‍ എസ്എഫ്ഐ ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഭീഷണി വകവയ്ക്കാതെ എംജി കോളേജില്‍ ഒരുപറ്റം എബിവിപി പ്രവര്‍ത്തകര്‍ രാമനുണ്ണിയുടെ നേതൃത്വത്തില്‍ സധൈര്യം മുന്നോട്ടുപോയി. എന്നാല്‍ എസ്എഫ്ഐ ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. പലപ്പോഴും എബിവിപിയുടെ ഭാഗത്തുനിന്നും സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷങ്ങള്‍ ഒഴിവായി. ഒരു ദിവസം കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ മുരളിയെ യാതോരു പ്രകോപനവും കൂടാതെ വിദ്യാര്‍ഥി പരിഷത്തിന്റെ പ്രവര്‍ത്തകനെന്ന കാരണത്താല്‍ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചു. അടുത്ത ദിവസം ഗോപകുമാറിന്റെ നേതൃത്വത്തില്‍ വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികളുമായി സമാധാനപരമായി ക്യാമ്പസിനുള്ളില്‍ പ്രതിഷേധിച്ചു.
പ്രതിഷേധ മാര്‍ച്ച് കോളേജിലെ ഫിസിക്സ് ലാബിന് മുന്നില്‍ എത്തിയതും എസ്എഫ്ഐക്കാര്‍ കൈയില്‍ കരുതിയിരുന്ന മാരകായുധങ്ങളുമായി ഏകപക്ഷീയമായി ആക്രമണം അഴിച്ചു വിട്ടു. അക്രമത്തില്‍ ഗോപകുമാറിനും മുരളിക്കും കുത്തേറ്റു. ഗോപകുമാറിന്റെ മുതുകില്‍ രണ്ടു കുത്തും കൈയില്‍ ഒരു കുത്തുമാണേറ്റത്. വലതു കൈയുടെ ഷോള്‍ഡര്‍ വലിച്ചൊടിച്ച് നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചു. രക്തത്തില്‍ കുളിച്ച് ക്യാമ്പസിനുള്ളില്‍ കിടന്ന ഗോപകുമാറിനെ സഹപാഠികളാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം അതീവതീവ്രവിഭാഗത്തിലായിരുന്നു മുരളി.
എസ്എഫ്ഐയുടെ ജില്ലാ ചുമതലയുണ്ടായിരുന്ന വി. ശിവന്‍കുട്ടി അന്നും ഇത്തരം ഗുണ്ടകളെ വളര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ജോസഫ് ഈപ്പന്, ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ ചെറുമകന് പ്രസന്നന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമണം അഴിച്ചുവിട്ടത്.
1981ല്‍ നടന്ന എംജി കോളേജ് തെരഞ്ഞെടുപ്പില്‍ ആദ്യമായി എബിവിപി ഒരു സീറ്റില്‍ വിജയിച്ചു. പെരുമ്പാവൂര്‍ മുരളിയാണ് എബിവിപിയുടെ ടിക്കറ്റില്‍ നിന്ന് യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി വിജയിച്ചത്. എസ്എഫ്ഐയുടെ തേര്‍വാഴ്ച്ചയ്ക്ക് എംജിയില്‍ ആദ്യമായി തിരിച്ചടി നേരിട്ട സംഭവമായിരുന്നു അത്. എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം സഹിക്കവയ്യാതെ പില്ക്കാലത്ത് എംജി കോളേജ് വിദ്യാര്‍ഥികള്‍ ഭരണം എബിവിപിയുടെ കൈകളില്‍ ഏല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: