കൊല്ലം: ”പട്ടിയെ കല്ലെറിയുന്നത് പോലെ ഒരു മനുഷ്യനെ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുന്നതും പൊട്ടിയ തലയില്‍ ഇരുകൈയും പൊത്തിപ്പിടിച്ച് ഓടാന്‍ പോലും ആകാതെ ആ തൂവെള്ള വസ്ത്രധാരി നിലം പതിക്കുന്നതും ഞാന്‍ കണ്ടു”. മൂന്നരപ്പതിറ്റാണ്ട് മുന്‍പ് നിലമേല്‍ എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ ക്രിമിനലുകള്‍ കല്ലെറിഞ്ഞു വീഴ്ത്തി കഠാര കൊണ്ട് കുത്തിക്കൊന്ന ആര്‍എസ്എസ് കിളിമാനൂര്‍ താലൂക്ക് പ്രചാരക് ദുര്‍ഗാദാസിന്റെ ജീവന് നിലയ്ക്കുന്നത് കണ്ട പതിനാറുകാരിയുടെ വാക്കുകളാണിത്. ഇന്ന് പ്രമുഖ കോളേജില്‍ അധ്യാപികയാണ് അവര്‍.
ജന്മഭൂമി ദിനപത്രത്തില്‍ മുപ്പത്തിയെട്ട് വര്‍ഷം മുന്‍പ് നിലമേല്‍ കോളേജില്‍ കൊല്ലപ്പെട്ട ദുര്‍ഗാദാസിന്റെ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ടിട്ടാണ് സംഭവത്തിന്റെ നേര്‍സാക്ഷിയായ ഇവര്‍ പ്രതികരിച്ചത്. അന്ന് നിലമേല്‍ എന്‍എസ്എസ് കോളേജില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു ഇവര്‍. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഭയന്ന് പേര് പ്രസിദ്ധീകരിക്കാന്‍ ടീച്ചറിന് താല്‍പ്പര്യമില്ല. എങ്കിലും അന്നത്തെ ഭീകരത നിറഞ്ഞ സംഭവം ടീച്ചര്‍ മറച്ചുവെച്ചില്ല.
കിളിമാനൂര്‍ പോങ്ങനാട് നിന്നും പ്രീഡിഗ്രി ഒന്നാം വര്‍ഷത്തിനു ചേര്‍ന്നതായിരുന്നു ടീച്ചര്‍. കോളേജ് തുറന്നതിന്റെ ആരവങ്ങളടങ്ങിയതേയുണ്ടായിരുന്നുള്ളൂ; എസ്എഫ്ഐ ബഹളങ്ങളും ആരംഭിച്ചിരുന്നു. എന്തൊക്കെയോ ബഹളങ്ങള്‍ നടന്നിരുന്നതായി കേട്ടിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്ക്കെന്നു പറഞ്ഞാണ് പ്രചാരകനെ കോളേജിലേക്ക് വിളിപ്പിച്ചതെന്നാണ് കേട്ടത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം എസ്എഫ്ഐക്കാരും പുറത്തു നിന്നുള്ള ചിലരും ആയുധങ്ങളുമായി സംഘടിച്ചു നില്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പാളിനെ കണ്ട് പുറത്തിറങ്ങിയ ദുര്‍ഗാദാസിനെ കൈയില്‍ കരുതിയിരുന്ന കരിങ്കല്‍ ചീളുകളുമായി തുരുതുരെ എറിയുകയായിരുന്നു.
”പട്ടിയെ എറിയും പോലെ ഒരുകൂട്ടം ആളുകള്‍ ഒരാളെ കല്ലെറിയുന്നു. ഏറുകൊണ്ട് പൊട്ടിയ തലയില്‍ ഇരുകൈകളും പൊത്തി ഓടാനാകാതെ നില്ക്കുന്ന ആ മനുഷ്യന്റെ തൂവെള്ള വസ്ത്രം ചോരനിറമണിഞ്ഞ് നിലം പതിക്കുന്നത് ഇന്നും കണ്മുന്നിലുണ്ട്. അലറിക്കൊണ്ട് ഓടിക്കൂടിയവര്‍ അയാളെ കുത്തിക്കൊല്ലുകയാണെന്ന് അപ്പോഴറിഞ്ഞില്ല. ജനാലയില്‍ക്കൂടി ആ ശരീരം നിശ്ചലമാകുന്നത് കണ്ട നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മനുഷ്യനെ കൊല്ലുന്ന കമ്മ്യൂണിസത്തെ അന്നു മുതല്‍ വെറുപ്പാണ്.”
ടീച്ചര്‍ പറഞ്ഞു നിര്‍ത്തി. അന്നു കോളേജിന്റെ പിറകുവശം കാടായിരുന്നു. അവിടെ എസ്എഫ്ഐ അക്രമികളും പുറത്തു നിന്നുള്ളവരും തമ്പടിക്കുമായിരുന്നു. കൊലപാതകത്തിനു ശേഷം മാസങ്ങളോളം കോളേജില്‍ പോലീസ് കാവലായിരുന്നു. പഠനശേഷവും വര്‍ഷമിത്രയായിട്ടും മുഖത്തേയ്ക്ക് രക്തം ചീറിത്തെറിക്കുന്നത് പോലെ തോന്നാറുണ്ട്. പലപ്പോഴും ഉറക്കം നഷ്ടപ്പെടും. അത്രയ്ക്കാണ് നടുക്കുന്ന ആ ഓര്‍മ്മ. ടീച്ചര്‍ പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: