പാലക്കാട്: ആലത്തൂരിലെ കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി തെരുവിലിറങ്ങി യൂത്ത് കോണ്‍ഗ്രസ്. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ പുറത്ത് ഇറക്കിയിരിക്കുന്നത്.
ആയിരംരൂപയുടെ കൂപ്പണ്‍ അച്ചടിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് പണപ്പിരിവ് നടത്തുന്നത്. 25നുള്ളില്‍ പണം നല്‍കാനാണ് നിര്‍ദേശം. ഓരോ മണ്ഡലം കമ്മിറ്റിക്കും രണ്ട് ലക്ഷംരൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എംപിയെന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവന്‍സും രമ്യയ്‌ക്ക് ലഭിക്കും. എന്നിട്ടും എന്തിനാണ് പണപിരിവെന്ന് പ്രവര്‍ത്തകര്‍ തന്നെ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. നിര്‍ബന്ധിത പണപ്പിരിവില്‍ സഹകരിക്കില്ലെന്നും ചിലര്‍ നിപാട് എടുത്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ പരിവുകാര്‍ തയാറായിട്ടില്ല. എംപിയെന്ന നിലയില്‍ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവന്‍സ് എന്നിവ വേറെയുമുണ്ട്. വിമാന, ട്രെയിന്‍യാത്ര സൗജന്യമാണ്. പാര്‍ലമെന്റ് കൂടുമ്പോള്‍ ബത്തയും ലഭിക്കും. എംപിക്ക് അപേക്ഷിച്ചാലുടന്‍ ഈടില്ലാതെ ദേശസാല്‍ക്കൃത ബാങ്കുകള്‍ വാഹനവായ്‌പ നല്‍കാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരില്‍നിന്ന് പണം പിരിച്ച് വാഹനം വാങ്ങുന്നതിന് പണപ്പിരിവ് നടത്തുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പൊട്ടിത്തെറി ഉണ്ടായിട്ടുണ്ട്.
1,400 ലീഫുകളാണ് ആകെ അച്ചടിച്ചിട്ടുള്ളതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിക്കുന്നത്. 14 ലക്ഷത്തോളം രൂപ പിരിച്ച് എംപിക്ക് വാഹനം വാങ്ങി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ഇത് കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്ന് മാത്രമുള്ള പിരിവാണെന്നും പുറത്തുനിന്നുള്ളവരില്‍ നിന്ന്പണംപ്പിരിക്കുന്നില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ ന്യായീകരണം.
















