കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എ ഷംസീര്‍ എത്തിയത് വധശ്രമക്കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന വാഹനത്തില്‍. വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കെഎല്‍07 സിഡി 6887 എന്ന വാഹനത്തിലാണ് എംഎല്‍എ കഴിഞ്ഞ ദിവസം യോഗത്തിന് എത്തിയത്.
സിഒടി നസീറിനു നേരയുണ്ടായ വധശ്രമത്തിന് പദ്ധതിയിട്ടത് ഈ ഇന്നോവ കാറിലിരുന്നായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ഈ വാഹനത്തിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് അറിയിച്ചത്.
അതേസമയം വാഹനത്തില്‍ എംഎല്‍എ ബോര്‍ഡ് വെച്ചിരുന്നില്ല. ഷംസീറിന്റെ സഹോദരന്‍ എ.എന്‍. ഷാഹിറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഒടി നസീറിനെ ആക്രമിക്കാന്‍ തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് മുമ്പില്‍ വെച്ചും ചോനാടത്തെ കിന്‍ഫ്ര പാര്‍ക്കിനടുത്തുവെച്ചും ഇന്നോവ കാറിലിരുന്നാണ് അക്രമികള്‍ ഗൂഢാലോചന നടത്തിയത്.
വധിക്കാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ ഷംസീറാണെന്ന് സിഒടി നസീര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ അഴിമതിക്കെതിരെ പ്രതികരിച്ചതാണ് ഇതിനു കാരണമെന്നും, എംഎല്‍എ ഓഫീസില്‍വെച്ച് ഷംസീര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതേസമയം ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും നസീര്‍ ആരോപിച്ചു.
















