തൃശൂര്‍: വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ താരപ്പൂരമൊരുക്കി ജന്മഭൂമി ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡ് നിശ ഇന്ന്. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും എത്തുന്നതിനാല്‍ ആയിരങ്ങളാകും വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ കാഴ്ചക്കാരായി എത്തുക.
അരുണ്‍രാജിന്റെ കലാസംവിധാനത്തിലാണ് മൈതാനിയില്‍ പടുകൂറ്റന്‍ സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. 7000 പേര്‍ക്കുള്ള സംവിധാനമാണുള്ളത്. അത്യാധുനിക സൗണ്ട് സിസ്റ്റവും ലൈറ്റും ഒരുക്കിയിരിക്കുന്നത് മീഡിയ പ്രോ ആണ്. താരനിശയെ മഴ ഒരുവിധത്തിലും ബാധിക്കാത്ത തരത്തിലാണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. ഗസ്റ്റ്, വിവിഐപി, വിഐപി എന്നിവര്‍ക്ക് പ്രത്യേക പ്രവേശന സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജന്മഭൂമി ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് നല്‍കിക്കൊണ്ടാണ് താരനിശയ്‌ക്ക് തുടക്കമിടുന്നത്. ജന്മഭൂമി അവതരണ ഗാനത്തിന് രചന നാരായണന്‍കുട്ടി നൃത്താവിഷ്‌കാരം നല്‍കും. ചലച്ചിത്രലോകത്തിന്റെ പ്രിയ സംവിധായകന്‍ കെ. എസ്. സേതുമാധവനെ പുരസ്‌കാരം നല്‍കി ആദരിക്കും. തുടര്‍ന്ന് സിനിമാ പുരസ്‌കാര വിതരണവും പ്രശസ്ത സിനിമാ, സീരിയല്‍ താരങ്ങളുടെ കലാപരിപാടികളും അരങ്ങേറും. പിന്നണി ഗായകന്‍ ശ്രീനിവാസനും മകള്‍ ശരണ്യയും ഒന്നിച്ചു പാടുന്നത് താരനിശയുടെ മുഖ്യആകര്‍ഷണമാകും.
















