കൊച്ചി: കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ബ്രാഹ്മണര്‍ക്ക് മാത്രം കൈമുതലായിരുന്ന ക്ഷേത്ര പൂജാ സമ്പ്രദായം ദളിതര്‍ ഉള്‍പ്പെടുന്ന മറ്റു ജാതികളിലെ ആളുകള്‍ക്കു കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആലുവ വെളിയത്തുനാട് തന്ത്ര വിദ്യാപീഠം സന്ദര്‍ശിച്ചു. വിദ്യാപീഠം സ്ഥാപകനും ഹൈന്ദവ ഏകീകരണ പ്രക്രിയയില്‍ സുപ്രധാന നാഴികക്കല്ലായ പാലിയം വിളംബരത്തിന്റെ സൂത്രധാരനും കേരളത്തിലെ ആദ്യകാല പ്രചാരകനുമായ പി.മാധവ്ജിയുടെ സ്മൃതി മണ്ഡപത്തില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി.
ജന്മം കൊണ്ട് ബ്രാഹ്മണനല്ലെങ്കിലും അര്‍ഹതയുള്ള എല്ലാവര്‍ക്കും പൂജാദി ക്ഷേത്ര താന്ത്രിക ചടങ്ങുകള്‍ക്ക് അധികാരം നല്‍കുന്നതാണ് 1985 ഒക്ടോബര്‍ 6ന് മാധവ്ജിയുടെ നേതൃത്വത്തില്‍ നടന്ന പണ്ഡിത സദസ്സ് അംഗീകരിച്ച പാലിയം വിളംബരം. വി. മുരളീധരന്‍ എസ്.എന്‍.ഡി.പി പ്രസിഡന്റ് ഡോ. എം. എന്‍. സോമനുമായും ഇന്നു കൂടിക്കാഴ്ച നടത്തും.
ഉച്ചയ്‌ക്ക് ഒന്നിന് ആലുവ ഗസ്റ്റ് ഹൗസില്‍ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച. വൈകിട്ട് നാലിന് തൃശൂരില്‍ മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയില്‍ നിര്‍മ്മാണം തടസ്സപ്പെട്ടു കിടക്കുന്ന കുതിരാന്‍ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ആറിന് തേക്കിന്‍കാട് മൈതാനത്ത് ജന്മഭൂമി ലെജന്റ്സ് ഓഫ് കേരള അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്ത ശേഷം ആലുവയിലേക്ക് തിരിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.
















