കിളിമാനൂര്‍ : സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സ്‌കൂള്‍ വളപ്പില്‍ നിന്നും ഈട്ടി മരം മുറിച്ച് കടത്തി. ചെമ്പകശ്ശേരി വാര്‍ഡ് അംഗവും സിപിഎം അടയമണ്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.ഷിബുവാണ് മരം മുറിച്ച് കടത്തിയത്. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല ബഡ്‌സ് സ്‌കൂളില്‍ നിന്നാണ് ഇയാള്‍ മരം കടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഷിബു, മരം മുറിക്കാന്‍ സഹായിച്ച വിനോദ് എന്നിവര്‍ക്കെതിരെ കിളിമാനൂര്‍ പോലീസ് കേസെടുത്തു. മരം അറുത്ത് ഉരുപ്പടികളാക്കിയ നിലയില്‍ ഷിബുവിന്റെ അയല്‍വാസിയും സുഹൃത്തുമായ തുളസീധരന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ അഞ്ചിനാണു വിനോദിനെ വിളിച്ചു ഷിബു മരം മുറിപ്പിച്ചത്. പാപ്പാല നിന്നു വാഹനവും തട്ടത്തുമലയില്‍ നിന്നു ലോഡിങ്ങുകാരെയും വിളിച്ചു നിലമേല്‍ കണ്ണങ്കോട്ടുള്ള മില്ലില്‍ കൊണ്ടുപോയി അറുത്ത് ഉരുപ്പടികളാക്കി. മരം വീണു നശിച്ചതാണെന്നു വരുത്തി തീര്‍ക്കാന്‍ അറുത്തതിന്റെ ബാക്കിയും വിറകും സിപിഎം പ്രാദേശിക നേതാവ് സ്‌കൂള്‍ വളപ്പില്‍ കൊണ്ടുപോയി ഇട്ടെന്നും പോലീസ് അറിയിച്ചു.
മരം മോഷണം പോയതായി പഞ്ചായത്ത് സെക്രട്ടറി കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. അതേസമയം സ്‌കൂളിനു ഫര്‍ണിച്ചര്‍ പണിയാനാണു മരം മുറിക്കുന്നതെന്ന് ഷിബു വിനോദിനെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇത്തരം മരങ്ങള്‍ വനംവകുപ്പ് വില നിശ്ചയിച്ച ശേഷം പഞ്ചായത്ത് പരസ്യം നല്‍കി ലേലം ചെയ്തു മാത്രമേ മുറിക്കാവൂ എന്നാണു നിയമം. പഞ്ചായത്തിന്റെ ആവശ്യത്തിനാണെങ്കിലും സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും അനുമതി വാങ്ങിയിരിക്കണം.
















