തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിവീഴ്‌ത്തിയ സംഭവത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അഖിലിനെ കുത്തുന്നതിനു തൊട്ടുമുന്‍പു രണ്ടാംപ്രതിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറുമായി നസീം ആരോടോ ഫോണില്‍ സംസാരിച്ചിരുന്നെന്നു ദൃകസാക്ഷിയായി വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ഈ ഫോണ്‍ കട്ട് ചെയ്തു തൊട്ടടുത്ത നിമിഷമാണ് ‘എന്നാല്‍ അടിച്ചു തീര്‍ക്കാമെടാ’ എന്ന് ആക്രോശിച്ച് നസീമും ശിവരഞ്ജിത്തും അഖിലിനു നേരേ പാഞ്ഞടുത്തത്. ഇതോടെ സംഭവത്തിനു പിന്നില്‍ ഉന്നത സിപിഎം ഗൂഢാലോചനയിലേക്കും കാര്യങ്ങള്‍ ചെന്നെത്തുകയാണ്. കേസിന്റെ അന്വേഷണം സാധാരണ കോളേജ് സംഘര്‍ഷമെന്ന തലത്തിലേക്ക് എത്തിക്കാനുള്ള നീക്കം ശക്തമാകുന്നതിനിടെയാണ് ഇത്തരം വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. നസീമിന്റെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ സാധിക്കൂ. കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷം പതിവാണെങ്കിലും എസ്എഫ്‌ഐക്കാര്‍ തമ്മിലടിക്കുന്നത് അപൂര്‍വമാണ്. അതിനാല്‍ സിപിഎം നേതൃത്വം അറിയാതെ ഒരു എസ്എഫ്‌ഐ അംഗത്തെ യൂണിറ്റ് നേതാക്കള്‍ കുത്തിക്കൊല്ലാന്‍ ശ്രമിക്കില്ലെന്നാണു വിദ്യാര്‍ഥികളുടെ വാദം. അതിനാല്‍, വിഷയത്തില്‍ വിശദ അന്വേഷണമാണ് ഇവരുടെ ആവശ്യം.
കുറച്ചു നാളുകളായി അഖിലിനേയും സംഘത്തേയും മര്‍ദിക്കാന്‍ എസ്എഫ്‌ഐ നേതാക്കള്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ഇതിനിടെയാണു ക്യാന്റീനില്‍ പാട്ടുപാടിയതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകുന്നത്. പാട്ടു പാടുന്നത് കേട്ട് നിര്‍ത്തെടാ എന്ന് ആക്രോശിച്ചത് സാറ എന്ന എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. എന്നാല്‍, ഇതു ആരും വകവെക്കാതെ വന്നതോടെ പാട്ടുപാടിയ കുട്ടികളെ യൂണിറ്റ് മുറിയില്‍ എത്തിച്ച് ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തു. ഇതിനു തൊട്ടടുത്ത ദിവസമാണ് മരച്ചുവട്ടില്‍ ഇരുന്ന ഉമൈറിനെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിക്കുന്നത്. ഇതു ചോദിക്കാനായി യൂണിറ്റ് മുറിക്ക് സമീപം എത്തിയതാണ് അഖിലും കൂട്ടരും. ഇവര്‍ എത്തിയതിനു തൊട്ടുപിന്നാലെയാണ് ശിവരഞ്ജിത്തും നസീമും ബൈക്കില്‍ എത്തിയത്. ബൈക്കില്‍ നിന്നിറങ്ങി നസീം കുറച്ചു നേരം ആരെയോ ഫോണ്‍ ചെയ്തു. തൊട്ടടുത്ത നിമിഷം എന്നാല്‍ അടിച്ചു തീര്‍ക്കാമെടാ എന്ന് ആക്രോശിച്ച് എസ്എഫ്‌ഐ സംഘം ക്രൂരമായ മര്‍ദനം ആരംഭിക്കുകയായിരുന്നു. എല്ലാവരുടെ പക്കലും ആയുധമുണ്ടായിരുന്നു. നസീമും ശിവരഞ്ജിത്തും തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ക്കു നേരേ കത്തിവീശി. കുത്തിക്കൊല്ലുമെടാ എന്ന ആക്രോശം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ചോര, ചോര എന്ന നിലവിളിയും കുത്തേറ്റു കിടക്കുന്ന അഖിലിനേയും ആണ് കണ്ടതെന്നും വിദ്യാര്‍ഥി പറയുന്നു. തളര്‍ന്നു വീണ അഖിലിനെ വിദ്യാര്‍ഥികള്‍ താങ്ങിയെടുത്താണ് പൊലീസ് വാനിലെത്തിച്ചതെന്നും വിദ്യാര്‍ഥി. കൃത്യമായ ആസൂത്രണം സംഭവത്തിനു പിന്നില്‍ ഉണ്ടായിരുന്നെന്നാണ് കണ്ടു നിന്ന വിദ്യാര്‍ഥികളെല്ലാം വ്യക്തമാക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ സംഘര്‍ഷമാണെങ്കില്‍ എസ്എഫ്‌ഐ നേതാക്കളുടെ എല്ലാം പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
















