തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ അധ്യാപകരെ സ്ഥലം മാറ്റി തലയൂരാന്‍ ശ്രമിച്ച് സംസ്ഥാന സര്‍ക്കാര്‍. എസ്എഫ്‌ഐക്കാര്‍ സര്‍വകലാശാല ഉത്തരക്കടലാസ് കടത്തിയതില്‍ അധ്യാപകര്‍ പങ്കാളിത്തം ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കാന്‍ അനുവദിക്കില്ല. കോളേജില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് നേരെ വധശ്രമമുണ്ടായ സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം വ്യാപകമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരള സര്‍വകലാശാല പരീക്ഷാക്രമക്കേട് ഉള്‍പ്പടെയുള്ളവ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ വിളിച്ചുവരുത്തി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി നിഖില ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ക്യാമ്പസില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















