തൃശൂർ : കടങ്ങോട് മയിലാടുംകുന്നില്‍ നിന്ന് അരക്കോടിയോളം രൂപ വിലവരുന്ന തേക്ക് മരങ്ങള്‍ സ്ഥലമുടമ നിയമവിരുദ്ധമായി മുറിച്ചു. മുറിച്ചെടുത്ത മരങ്ങളില്‍ നിന്ന് രണ്ട് ലോഡ് മരത്തടികള്‍ സിപിഎം സംഘം കടത്തിക്കൊണ്ടുപോയി.
മയിലാടുംകുന്നില്‍ വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഉടസ്ഥതയിലുള്ള പട്ടയ ഭൂമിയില്‍ നിന്നാണ് അനധികൃതമായി അറുപതോളം തേക്ക് മരങ്ങള്‍ മുറിച്ചെടുത്തിട്ടുള്ളത്. ഇതില്‍ പകുതിയിലധികം തേക്ക് തടികള്‍ രണ്ട് ലോറികളിലായാണ് കടത്തിക്കൊണ്ട് പോയത്. വണ്ണം കുറവുള്ള മരങ്ങള്‍ പറമ്പില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പട്ടയ ഭൂമിയിലെ തേക്ക്, ചന്ദനം പോലുള്ള വിലപിടിപ്പുള്ള മരങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. വനം വകുപ്പില്‍ നിന്നും അനുമതി ലഭിക്കാതെ ഉടമയ്‌ക്ക് മരം മുറിക്കാന്‍ അനുവാദമില്ല. അതിനാല്‍ തന്നെ മരം മുറിച്ചെടുത്തത് ഗുരുതരമായ കുറ്റമാണ്.
കുന്നിന്‍ മുകളിലെ കാട് പിടിച്ച പറമ്പില്‍ നിന്ന് മുറിച്ചെടുത്ത മരങ്ങള്‍ ആനയെ കൊണ്ട് വലിപ്പിച്ചാണ് താഴെയെത്തിച്ചത്. ദിവസങ്ങളോളം നടത്തിയ മരം മുറിയെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരമറിയിച്ചിരുന്നെങ്കിലും അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. തേക്ക് തടികള്‍ കടത്തിക്കൊണ്ട് പോയത് നാട്ടിലെ സിപിഎമ്മുകാര്‍ ഉള്‍പ്പെടുന്ന മോഷണ സംഘമാണെന്ന് പരിസരവാസികള്‍ പറയുന്നു.
നിയമവിരുദ്ധമായി മരം മുറിച്ചതിനാല്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ ഉടമ തയ്യാറാകുന്നില്ലെന്നും സൂചനയുണ്ട്.
















