തിരുവനന്തപുരം: പെറ്റിയടിച്ചു പിരിച്ചെടുത്ത പണവുമായി മുങ്ങിയ ട്രാഫിക് എസ്ഐ അറസ്റ്റില്‍. ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നെയ്യാറ്റിന്‍കര കൂട്ടപ്പന രാമവിലാസം നയിം(52)ആണ് പെറ്റിയടിച്ചു കിട്ടിയ ഏഴായിരത്തോളം രൂപയും പെറ്റിബുക്കുമായി നാടുവിട്ടത്.
രണ്ടു മാസത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വെള്ളിയാഴ്ച സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതോടെ മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലതെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മേയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഡ്യൂട്ടി പൂര്‍ത്തിയാക്കിയ എസ്ഐ പിഴത്തുകയും പെറ്റി ബുക്കും സ്റ്റേഷനില്‍ എത്തിച്ചില്ല. തൊട്ടടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചു.പിന്നീട് സ്റ്റേഷനില്‍ എത്താതായി. വിവരം അന്വേഷിച്ചു വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വ്യാജ പരാതിയും നല്കി. കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി ഇയാളുടെ ഭാര്യയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് നയീമിനെതിരേ കേസെടുക്കാന്‍ കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയതോടെ ഇയാള്‍ ഫോണും സ്വിച്് ഓഫ് ചെയ്തു. എന്നാല്‍ നയീം വീട്ടില്‍ തിരിച്ചെത്തിയത് അറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നയീമിന്റെ പക്കല്‍ നിന്നും പെറ്റിബുക്കുകളും കണ്ടെത്തി.
പിഴ ഇനത്തില്‍ ലഭിച്ച പണം മദ്യപിച്ച് തീര്‍ത്തെന്നും കടക്കാരനായ തന്റെ പക്കല്‍ തിരിച്ചടയ്ക്കാന്‍ പണം ഇല്ലാത്തതിലാണ് മുങ്ങി നടന്നതെന്നും നയീം പോലീസിനെ അറിയിച്ചു. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. അതേസമയം പിഴ ഈടാക്കുന്ന രസീതില്‍ ഇയാള്‍ കൃത്രിമം കാണിച്ചു പണം തട്ടിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും
















