തിരുവനന്തപുരത്തെ രണ്ടു സ്കൂളുകള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥ പറയുന്ന ‘പതിനെട്ടാംപടി’ എന്ന സിനിമ തനിക്ക് നൊസ്റ്റാൾജിയ പകരുന്നതാണെന്ന് നടൻ പൃഥ്വിരാജ്. തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന ആര്‍ക്കും വലിയതോതില്‍ നൊസ്റ്റാള്‍ജിയ തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് പതിനെട്ടാംപടി. ശങ്കര്‍ രാമകൃഷ്ണന് എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം വളരെക്കാലം മുന്നേ തന്നെ സിനിമയുടെ പ്ലോട്ടും അതിന്റെ ഒരു സാരവും പിന്നീട് തിരക്കഥയായി മാറിയപ്പോള്‍ ആഖ്യാനത്തിന്റെ ഘടനയുമെല്ലാം പറഞ്ഞു കേള്‍പ്പിച്ചിരുന്നു. അത് വളരെയൊരു രസകരമായ ഒരു സിനിമയായി എനിക്ക് അന്നേ തോന്നി. ഇപ്പോള്‍ കമിംഗ് ഓഫ് ഏജ് എന്നു പറയുന്നത് സിനിമയ്ക്കുള്ളിലെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. പതിനെട്ടാംപടി എനിക്ക് തോന്നുന്നത് അത്തരം ഒരു സിനിമകളില്‍ വളരെ റിയലിസ്റ്റിക്കായിട്ട്, വളരെ യാഥാര്‍ഥ്യത്തോട് അടുത്തുനില്ക്കുന്ന ഒന്നായിരിക്കും – പൃഥ്വിരാജ് പറയുന്നു.
ശങ്കറും തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന ആളാണ്. തിരുവനന്തപുരവും അവിടുത്തെ സ്കൂളുകളും കോളേജുകളും അറിയാവുന്നതു പോലെ ആ സിനിമയിലെ വളരെ കുറച്ചു പേര്‍ക്കേ അറിയാമായിരിക്കുള്ളൂ. അപ്പോള്‍ ഇത്രയും പുതുമുഖങ്ങളെ വച്ച് ഇങ്ങനെ ഒരു സിനിമ ചെയ്യുക എന്നത് വലിയൊരു വെല്ലവിളിയാണ്. പുതുമുഖങ്ങളുടെ പ്രകടനത്തെ കുറിച്ചാണ് ഏറ്റവും നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത്. അത് ശങ്കറിന്റെ ഒരു നേട്ടമാണ്.
ക്ലാസ്സ് മുറികളിലെ വിദ്യാഭ്യാസരീതി ഓരോ കുട്ടിയ്ക്കും സമ്മാനിക്കുന്നത് എന്താണെന്നും, പാഠപുസ്തകങ്ങള്‍ക്ക് അപ്പുറമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ സ്കൂള്‍ വിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കുന്നുണ്ടോയെന്നും പലരും പലയാവര്‍ത്തി ചോദിച്ച ഒരു ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് ‘പതിനെട്ടാം പടി’യെന്ന ചിത്രവും തേടുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, ആര്യ, പ്രിയാമണി,അഹാന കൃഷ്ണ, മനോജ് കെ ജയന്, മണിയന്‍പിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും കൈകോര്‍ക്കുന്ന ചിത്രമാണ് ‘പതിനെട്ടാംപടി’.
സ്കൂള്‍കാലത്തെ പൈങ്കിളിവത്കരിച്ചില്ല എന്നതു തന്നെയാണ് ‘പതിനെട്ടാം പടി’ സമ്മാനിക്കുന്ന വേറിട്ട കാഴ്ച. കൗമാരത്തിന്റെ ചോരത്തിളപ്പില്‍ നിന്നും ജീവിതത്തില്‍ നിര്‍ണായകമായ പടിയെന്നു എന്നു വിശേഷിപ്പിക്കാവുന്ന പതിനെട്ടാം വയസ്സിലേക്കുള്ള യാത്രയാണ് ഒരര്‍ത്ഥത്തില്‍ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: