വടക്കുന്നാഥ ക്ഷേത്ര രക്ഷാ സംഗമം ചെറുശ്ശേരി വിവേകാനന്ദ സേവാശ്രമം അധ്യക്ഷന്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ബാലന് പണിക്കശേരി, എ.പി. ഭരത്കുമാര്‍ തുടങ്ങിയവര്‍ സമീപം
തൃശൂര്‍: ക്ഷേത്രങ്ങളെ നശിപ്പിക്കുന്നതിന് ഏറ്റവും വലിയ ശ്രമം നടത്തുന്നത് ദേവസ്വം ബോര്‍ഡുകളാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം. ശ്രീ വടക്കുന്നാഥന് ക്ഷേത്ര രക്ഷാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷേത്രരക്ഷാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളും അവിടത്തെ സാംസ്കാരിക പരിപാടികളും ഇന്ന് കപട നവോത്ഥാനത്തിന്റെ വേദികളായി മാറി. ക്ഷേത്രത്തെയും വിശ്വാസത്തെയും കുറിച്ച് യാതൊരു അറിവുമില്ലാത്തവര്‍ അതിന്റെ ഭരണാധികാരികളാവുമ്പോള്‍ അവര്‍ ക്ഷേത്രത്തെ ധനസമ്പാദനത്തിനുള്ള മാര്‍ഗം മാത്രമായാണ് കാണുന്നത്. കൃത്യമായ രാഷ്ട്രീയ അജണ്ടയാണ് ദേവസ്വം ബോര്‍ഡുകള്‍ നടപ്പാക്കുന്നത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ആര്‍ജവം ഹിന്ദു സമൂഹത്തിനുണ്ടാകണം.
നിരീശ്വരവാദികള്‍ക്കും ഇതരമതസ്ഥര്‍ക്കും കയറിയിറങ്ങാനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്നും ഭാര്‍ഗവറാം പറഞ്ഞു. വടക്കുന്നാഥ രക്ഷാവേദി രക്ഷാധികാരി എ.പി. ഭരത്കുമാര്‍ അധ്യക്ഷനായി. ചെറുശ്ശേരി വിവേകാനന്ദ സേവാശ്രമം അധ്യക്ഷന്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളെ മതേതര സ്ഥാപനങ്ങളാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. ഹൈന്ദവാരാധനാലയങ്ങള് ആര്‍ക്കും എന്തും ചെയ്യാവുന്ന വേദിയായി മാറുകയാണ്. നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും കൈയടക്കാനുള്ളതല്ല ക്ഷേത്രങ്ങളെന്നും സ്വാമി പുരുഷോത്തമാനന്ദ അഭിപ്രായപ്പെട്ടു.
വടക്കുന്നാഥക്ഷേത്ര രക്ഷാവേദി രക്ഷാധികാരി പി. സുധാകരന് സമര പ്രഖ്യാപനം നടത്തി. വടക്കുന്നാഥ ക്ഷേത്ര രക്ഷാവേദി വൈസ് ചെയര്മാന് വി. മോഹനകൃഷ്ണന്, വൈസ് ചെയര്മാന് സി.കെ. മധു, വിവിധ ഹിന്ദു സംഘടനാ ഭാരവാഹികളായ വി. രാമദാസ്, മോഹന്‍ മേനോന് പേനിക്കാട്ടില്‍, ആര്. വേലായുധന്, ബാലന് പണിക്കശേരി, പി.ആര്. ഉണ്ണി, ബൈജു താഴേക്കാട്, ധരണീധരന്‍ എന്നിവര്‍ സംസാരിച്ചു.
















